ബെം​ഗളൂരൂ: കൊവിഡിനെ പ്രതിരോധിക്കാൻ മുൻപന്തിയിൽ നിന്ന് പോരാടുകയാണ് പൊലീസുദ്യോ​ഗസ്ഥർ. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ അവർ ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ സമൂഹമാധ്യമങ്ങളിൽ താരമാകുകയാണ് ഒരു പൊലീസ് ഉദ്യോ​ഗസ്ഥ. 

ശ്രമിക് സ്പെഷ്യൽ ട്രെയിനിൽ യാത്ര ചെയ്ത നാല് മാസം പ്രായമായ കുഞ്ഞിന് വീട്ടിൽ നിന്നും പാലെത്തിച്ച് നൽകിയാണ് സുശീല ബടായിക് എന്ന ഉദ്യോ​ഗസ്ഥ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറാണ് സുശീല. ഹതിയ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

ബെംഗളൂരു-ഗോരഖ്പൂർ ശ്രമിക് ട്രെയിനിലെ യാത്രക്കാരിയായ യുവതിയാണ് തന്റെ കുഞ്ഞിന് വിശക്കുന്നുണ്ടെന്ന് എഎസ്ഐയെ അറിയിച്ചത്. ഉടൻ തന്നെ സുശീല സ്കൂട്ടിയുടെ സഹായത്തോടെ വീട്ടിലെത്തി പാൽ ചുടാക്കി യുവതിയെ ഏൽപ്പിക്കുകയായിരുന്നു. മധുബാനിയിലെ തന്റെ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മെഹ്രുനിഷ എന്ന യുവതിയുടെ കുഞ്ഞിനാണ് സുശീല സഹായവുമായി രം​ഗത്തെത്തിയത്. 

ഈ സൽപ്രവൃത്തിയുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ സുശീലയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. റെയിൽവേ മന്ത്രി പീയുഷ് ​ഗോയലും ഉദ്യോ​ഗസ്ഥയെ അഭിനന്ദിച്ചു. എഎസ്ഐ മനുഷ്യത്വവും പ്രതിബദ്ധതയും കാണിച്ചതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.