ഹൈദരാബാദ്: തെലങ്കാനയിൽ ലോക്ക്ഡൌൺ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡ്യൂട്ടിക്കിടയിൽ ചുമച്ച ഉദ്യോഗസ്ഥനോട് കൊവിഡ് പരിശോധന നടത്താൻ സൈഫാബാദ് അസിസ്റ്റന്റ് കമ്മീഷണർ നിർദ്ദേശിക്കുകയായിരുന്നു. ഇതാണ് പോസിറ്റീവ് ആയത്. 

പ്രമേഹ രോഗിയാണ് ഉദ്യോഗസ്ഥൻ. ഇദ്ദേഹത്തിന്റെ നിരവധി സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. തെലങ്കാനയിൽ ഇന്നലെ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിൽ മാത്രം ഇതോടെ കൊവിഡ് രോഗികൾ 153 ആയി 

തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരണം ആറായി. നിസാമുദ്ദിനില്‍ നിന്ന് തിരിച്ചെത്തിയ 48 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ വീടുകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനാ ചടങ്ങ് നടത്തിയ വനിതാ പ്രഭാഷകരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം കോട്ടയം സ്വദേശിയായ ഡോക്ടറും പത്ത് മാസം പ്രായമുള്ള കുട്ടിയും രോഗംഭേദമായി ആശുപത്രി വിട്ടു.

രോഗബാധിതരുടെ എണ്ണം 621 ആയതോടെ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനമായി തമിഴ്നാട്.ചെന്നൈ സ്വദേശിയായ 57 വയസ്സുള്ള സ്ത്രീയാണ് ഇന്ന് മരണപ്പെട്ടത്. ശ്വാസതടസ്സവും പ്രമേഹവും ഉണ്ടായിരുന്നു. നിസാമുദ്ദീനിൽ നിന്നെത്തിയവരുടെ നീണ്ട സമ്പർക്കപ്പട്ടിക ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനിടയിലാണ് വനിതാ പ്രഭാഷകരും വിവിധയിടങ്ങളിലെ വീടുകളിൽ പ്രാർത്ഥനാ ചടങ്ങുകൾ നടത്തിയതായി കണ്ടെത്തിയത്.