ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന സംയുക്ത പ്രസ്താവനയ്ക്ക് ശേഷവും ഒപിഎസ്-ഇപിഎസ് ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ചെന്നൈയില്‍ പനീര്‍സെല്‍വത്തിന്‍റെ വസതിക്ക് മുന്നില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഒത്തുകൂടി.

ചെന്നൈ: അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷമായതിനിടെ ഒ പനീര്‍സെല്‍വത്തിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് പ്രവര്‍ത്തകര്‍ പനീര്‍സെല്‍വത്തിന് പിന്തുണയുമായി ചെന്നൈയില്‍ ഉള്‍പ്പടെ തെരുവിലിറങ്ങി. എന്നാല്‍ ജനങ്ങള്‍ തനിക്കെപ്പമാണെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. പരസ്യപ്രസ്താവനകള്‍ നടത്തുന്നതിന് നേതാക്കള്‍ക്ക് പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തി.

ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന സംയുക്ത പ്രസ്താവനയ്ക്ക് ശേഷവും ഒപിഎസ്-ഇപിഎസ് ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ചെന്നൈയില്‍ പനീര്‍സെല്‍വത്തിന്‍റെ വസതിക്ക് മുന്നില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഒത്തുകൂടി. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്നും വരുന്ന മുഖ്യമന്ത്രിയെന്നും മുദ്രവാക്യം വിളിച്ചു. പതിനൊന്ന് മുതിര്‍ന്ന മന്ത്രിമാര്‍ ഒപിഎസ്സിന്‍റെ വസതിയില്‍ എത്തി വീണ്ടും ചര്‍ച്ച നടത്തി. തേനിയില്‍ ഒപിഎസ്സിന്‍റെ പോസ്റ്റര്‍ രാത്രി വീണ്ടും എടപ്പാടി പക്ഷം നശിപ്പിച്ചു. ജനങ്ങളുടെ പിന്തുണ തനിക്കാണെന്നും ജനങ്ങളാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും എടപ്പാടി പളനിസ്വാമി പ്രതികരിച്ചു.

പരസ്യപ്രസ്താവന നടത്തുന്ന നേതാക്കള്‍ക്ക് കര്‍ശന നടപടിയുണ്ടാകുമെന്നാണ് താക്കീത്. എച്ച് രാജ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കളും ഒപിഎസ്സുമായി സംസാരിച്ചു. പനീര്‍സെല്‍വത്തിന്‍റെ അമിതതാല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് ബിജെപി സഖ്യത്തില്‍ തുടരേണ്ടി വരുന്നതെന്നും ഇത് തിരിച്ചടിയാകുമെന്നാണ് എടപ്പാടി പക്ഷത്തിന്‍റെ നിലപാട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിലേക്ക് പാര്‍ട്ടി ഒതുങ്ങിയതും ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര‍്‍ച്ചയുണ്ടായതും ഇപിഎസ് പക്ഷം ചൂണ്ടികാട്ടുന്നു.

രണ്ട് തവണ കാവല്‍മുഖ്യമന്ത്രിയായിരുന്ന ഒപിഎസ് ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തെങ്കിലും പാര്‍ട്ടി സമ്മര്‍ദത്തെ തുടര്‍ന്ന് രാജിവച്ചു. മാസങ്ങളോളം വിഘടിച്ച് നിന്ന ശേഷമാണ് ഇപിഎസ് ഒപിഎസ് വിഭാഗം ലയിച്ചത്. ഭിന്നത രൂക്ഷമായതിനിടെ ടിടിവി ദിനകരന്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ യോഗം വിളിച്ചു.