ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ ബിജെപി സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നു. വരുന്ന തെരഞ്ഞെടുപ്പ് ഡിഎംകെയും ബിജെപിയും തമ്മിലുള്ള പോരാട്ടമാണെന്നും സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സഖ്യത്തില്‍ തുടരാമെന്നും ബിജെപി തമിഴ്നാട് ഉപാധ്യക്ഷന്‍ തുറന്നടിച്ചു.

എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുമോ എന്ന് തന്നെ  തീരുമാനിച്ചിട്ടില്ലെന്നാണ് അണ്ണാ ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളുടെ മറുപടി. തര്‍ക്കം രൂക്ഷമായതിനിടെ അണ്ണാ  ഡിഎംകെ ഉന്നതലയോഗം വിളിച്ചു.  ഹിന്ദി വിവാദത്തില്‍ ഭിന്നത രൂക്ഷമായതിനിടയിലാണ് നേതൃസ്ഥാനത്തിന്‍റെ പേരില്‍ എന്‍ഡിഎയില്‍ പൊട്ടിത്തെറി നടക്കുന്നത്. 

അണ്ണാഡിഎംകെ ഡിഎംകെ മത്സരത്തിന്‍റെ കാലം കഴിഞ്ഞെന്നും വരുന്ന തെരഞ്ഞെടുപ്പ് ബിജെപി ഡിഎംകെ പോരാട്ടമെന്നുമുള്ള ബിജെപി ഉപാധ്യക്ഷന്‍റെ പ്രതികരണമാണ് അണ്ണാ ഡിഎംകെയെ ചൊടിപ്പിച്ചിരിക്കുന്നത്. ബിജെപി ഉപാധ്യക്ഷന്‍റെ പ്രസ്താവനയില്‍ അതൃപ്തി വ്യക്തമാക്കി അണ്ണാ ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുമോ എന്ന് തന്നെ തീരുമാനിച്ചിട്ടില്ലെന്നും ഇപിഎസ് ഒപിഎസ് പക്ഷം തന്നെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ അണ്ണാഡിഎംകെയുടെ തകര്‍ച്ചയ്ക്ക് കാരണം ബിജെപി കൂട്ടുകെട്ടാണെന്നും സഖ്യകാര്യത്തില്‍ തീരുമാനം പുനപരിശോധിക്കണമെന്നുമുള്ള ആവശ്യം അണ്ണാ ഡിഎംകെയില്‍ ശക്തമാണ്. പനീര്‍സെല്‍വത്തിന്‍റെ അമിതതാല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് സഖ്യത്തില്‍ തുടരേണ്ടി വന്നതെന്നാണ് എടപ്പാടി പക്ഷത്തിന്‍റെ ആരോപണം. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിലേക്ക് പാര്‍ട്ടി ഒതുങ്ങിയതും ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര‍്‍ച്ചയുണ്ടായതും ഇപിഎസ് പക്ഷം ചൂണ്ടികാട്ടുന്നു. ബിജെപി ഉപാധ്യക്ഷന്‍റെ പ്രസ്താവനയക്ക് എതിരെ ഇപിഎസ്പക്ഷത്തെ നേതാക്കള്‍ പരസ്യ എതിര്‍പ്പ് ഉയര്‍ത്തുമ്പോഴും ഒപിഎസ് പക്ഷം മൗനത്തിലാണ്.