ജനവിധിയിൽ എന്നും നാടകീയത ഒളിച്ച് വയ്ക്കുന്ന ക‍ർണാടകയിൽ ഇക്കുറി ആർക്കെങ്കിലും കേവല ഭൂരിപക്ഷം നേടാനാകുമോ? അതോ ഇക്കുറിയും തൂക്കുസഭയ്ക്കാണോ സാധ്യത?

ബെം​ഗളൂരു: ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് ക്യാംപുകളില്‍ കരുനീക്കങ്ങൾ സജീവം. തൂക്കു സഭയ്ക്കുള്ള സാധ്യത പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ബെഗളൂരു കേന്ദ്രീകരിച്ചുള്ള തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്.ഇരുകൂട്ടരും സമീപിച്ചിട്ടുണ്ടെന്നും തന്‍റെ ആവശ്യം അംഗീകരിക്കുന്നവരുമായി സഹകരിക്കുമെന്നും ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി വ്യക്തമാക്കി.

ജനവിധിയിൽ എന്നും നാടകീയത ഒളിച്ച് വയ്ക്കുന്ന ക‍ർണാടകയിൽ ഇക്കുറി ആർക്കെങ്കിലും കേവല ഭൂരിപക്ഷം നേടാനാകുമോ? അതോ ഇക്കുറിയും തൂക്കുസഭയ്ക്കാണോ സാധ്യത? തെരഞ്ഞെടുപ്പിന്‍റെ കേളികൊട്ട് തുടങ്ങിയത് മുതൽ ഉയ‍ർന്ന് കേൾക്കുന്ന് ഈ ചോദ്യങ്ങൾക്ക് എക്സിറ്റ് പോൾ ഫലങ്ങൾക്കും കൃത്യമായ സൂചന നൽകാനായിട്ടില്ല. എക്സിറ്റ് പോൾ ഫലങ്ങളിൽ പകുതിയും തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ചതോടെ വിലപേശൽ തന്ത്രവുമായി ജെഡിഎസ് രംഗത്തെത്തിക്കഴിഞ്ഞു. അധികാരം പിടിക്കാൻ ആരുമായും സഖ്യത്തിന് തയ്യാറെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ബിജെപിയും കോൺഗ്രസും പിന്തുണ തേടി സമീപിച്ചിട്ടുണ്ടെന്നും 50ലേറെ സീറ്റുകൾ നേടി നിർണായക ശക്തി ആകുമന്നും കുമാരസ്വാമി അവകാശപ്പെട്ടു. അതേസമയം ആരുമായും ധാരണയിലെത്തിയിട്ടില്ലെന്നും അന്തിമ ഫലം പുറത്ത് വന്നശേഷം മാത്രമേ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവൂ എന്നും ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റ് സിഎം ഇബ്രാഹിം പറഞ്ഞു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിക്കുന്ന കോൺഗ്രസും തിരക്കിട്ട കരനീക്കങ്ങളിലാണ്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അടക്കമുള്ള നേതാക്കൾ ബെഗളൂരുവിലെത്തി. ഇന്ന് രാത്രി 9 മണിക്ക് 224 സ്ഥാനർഥികളുടേയും സൂം മീറ്റിംഗ് നടത്തും. ഭൂരിപക്ഷം ഉറപ്പിച്ചാൽ ഉടനെ വിജയികളായ എല്ലാവരോടും ഉടനെ ബെംഗളൂരുവിലെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേവലഭൂരിപക്ഷം കിട്ടിയാൽ ഉടൻ സർക്കാർ രൂപീകരണത്തിലേക്ക് കടക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

ബിജെപി ക്യാമ്പിലും ചർച്ചകൾ സജീവമാണ്. ബിഎസ് യെദിയൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും അടക്കമുള്ള നേതാക്കൾ ബെംഗളൂരുവിലുണ്ട്. സ്വന്തം നിലയിൽ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഭരണം കൈവിട്ട് പോവാതിരിക്കാനുള്ള പദ്ധതികളാണ് പാർട്ടി ആസൂത്രണം ചെയ്യുന്നത്. ധർമ്മേന്ദ്ര പ്രധാൻ അടക്കമുള്ള കേന്ദ്ര നേതാക്കളും ചർച്ചകൾക്ക് എത്തി. 

Karnataka Assembly Election Result 2023| Asianet News | Malayalam Live News | Kerala Live TV News