എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ ജോയന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്നുള്ള സ്വയം വിരമിക്കലിന് രാജേശ്വര്‍ സിംഗ് ഇന്നലെ അപേക്ഷ നൽകി. ബിജെപിയിൽ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാവുകയാണ് രാജേശ്വർ സിംഗിന്‍റെ ലക്ഷ്യമെന്നാണ് സൂചന. 

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ ബിജെപിയിൽ ചേരാനൊരുങ്ങുന്നു. മുതിർന്ന ഇഡി ഉദ്യോഗസ്ഥനായ രാജേശ്വർ സിംഗാണ് വിരമിച്ച ശേഷം ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ ജോയന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്നുള്ള സ്വയം വിരമിക്കലിന് രാജേശ്വര്‍ സിംഗ് ഇന്നലെ അപേക്ഷ നൽകി. ബിജെപിയിൽ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാവുകയാണ് രാജേശ്വർ സിംഗിന്‍റെ ലക്ഷ്യമെന്നാണ് സൂചന. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ രാജേശ്വർ സിംഗ് മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. 

2 ജി സ്പെക്ട്രം, ഐഎൻഎക്സ് മീഡിയ കേസ് തുടങ്ങി രാഷ്ട്രീയ രംഗത്ത് കോളിളക്കങ്ങൾ ഉണ്ടാക്കിയ പല കേസുകളുടെയും അന്വേഷണ മേൽനോട്ടമുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശി കൂടിയായ രാജേശ്വര്‍ സിംഗ്. സ്വതന്ത്ര അന്വേഷണ ഏജൻസികൾ ബിജെപിയുടെ സ്വന്തം ഏജൻസികളായി മാറുന്നു എന്നതിനുള്ള തെളിവാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളിൽ കേന്ദ്ര- സംസ്ഥാന സര്‍വ്വീസിലെ നിരവധി ഉദ്യോഗസ്ഥരാണ് ബിജെപിയിൽ ചേര്‍ന്നത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ആർ പി സിംഗ് ഇപ്പോൾ കേന്ദ്ര മന്ത്രിയാണ്. അയോദ്ധ്യ കേസിൽ വിധിപറഞ്ഞ ഭരണഘടനാ ബെഞ്ചിന്‍റെ തലവൻ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാംഗമായി. ഒഡീഷ കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥ അപരാജിത സാരംഗി, ഛത്തീസ് ഗഢ് കേഡര്‍ ഉദ്യോഗസ്ഥനായിരുന്ന ഒ.പി.ചൗധരി എന്നിവരും ജോലി ഉപേക്ഷിച്ച് ബിജെപിയിൽ ചേര്‍ന്നിരുന്നു.

ഉദ്യോഗസ്ഥരുടെയും ഭരണഘടന പദവിയിൽ ഇരിക്കുന്നവരുടെയും രാഷ്ട്രീയ പ്രവേശനത്തിന് നിയമതടസ്സമില്ലെങ്കിലും, പ്രധാന അന്വേഷണങ്ങളുടെ ഭാഗമായ ഉദ്യോഗസ്ഥരടക്കം ഭരണകക്ഷിയിലെ രാഷ്ട്രീയ നേതാക്കളായി മാറുന്നതിന്‍റെ ധാര്‍മ്മിക പ്രശ്നമാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.