എല്ലാ വര്‍ഷത്തെയും പോലെ  ഇത്തവണയും ശൈത്യകാലം തുടങ്ങുമ്പോൾ ദില്ലിയിൽ മലിനീകരണം രൂക്ഷമാണ്

ദില്ലി: ദില്ലിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക മുന്നൂറ് കടന്നു.യമുനയിലെ വിഷപ്പത തീരത്തു താമസിക്കുന്നവർക്ക് കടുത്ത ആശങ്കയാകുകയാണ്. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ശൈത്യകാലം തുടങ്ങുമ്പോൾ ദില്ലിയിൽ മലിനീകരണം രൂക്ഷമാണ്. ഇതിൻറെ തെളിവാകുകയാണ് വിഷപ്പതയൊഴുകുന്ന യമുനാനദി. ഇന്നലെ രാവിലെ മുതലാണ് കാളിന്ദി കുഞ്ച് പ്രദേശത്ത് വിഷപ്പത കണ്ടുതുടങ്ങിയത്.

സമീപത്തെ ഫാക്ടറികളില്‍ നിന്നുള്ള രാസമാലിന്യങ്ങളും ഗാര്‍ഹികമാലിന്യങ്ങളുമെല്ലാം പുറന്തള്ളുന്നത് യമുനയിലേക്കാണ്..അങ്ങനെ ഉയര്‍ന്ന അളവില്‍ നദിയിലെത്തുന്ന അമോണിയയും ഫോസ്ഫേറ്റുമൊക്കെയാണ് വിഷപ്പത രൂപപ്പെടുന്നതിന്‍റെ പ്രധാനകാരണം. യമുനയെ ആശ്രയിച്ച് ജീവിക്കുന്ന ദില്ലിയിലെ ജനങ്ങൾക്ക് ഈ മലിനീകരണം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്മനങ്ങളും കുറവല്ല. ത്വക്ക് രോഗങ്ങള്‍ മുതല്‍ ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍ക്ക് വരെ ഇത് കാരണമാകുന്നു. വിഷം പതഞ്ഞൊഴുകുന്നത് എല്ലാ വര്‍ഷവും ആവര്‍ത്തിച്ചിട്ടും ശാശ്വതമായ ഒരു പരിഹാരം കാണാന്‍ സര്‍ക്കാരിനായിട്ടില്ല എന്ന ആക്ഷേപം ശക്തമാണ്.

കെട്ടിനില്‍ക്കുന്ന വിഷപ്പത നദിയുടെ സ്വാഭാവിക ഒഴുക്കിനും തടസ്സമാകുകയാണ്. ചട്ട് പൂജയടക്കമുള്ള ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് മലിനീകരണ തോത് ഉയരുന്നത്. യമുനാനദിയില്‍ മുങ്ങിനിവരുകയെന്നത് ചട്ട് പൂജയുടെ പ്രധാന ചടങ്ങാണ്. ദീപാവലി കൂടി കഴിയുന്നതോടെ തലസ്ഥാനത്തെ മലിനീകരണം ഇരട്ടിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.