ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്‍റെ പ്രചാരണത്തിന് ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും. ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉപയോഗിക്കുന്നത്. മോട്ടു, പട്ട്ലു എന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ആയുഷ്മാന്‍ ഭാരതിനെക്കുറിച്ച് സാധാരണക്കാര്‍ക്ക് ആശയങ്ങള്‍ നല്‍കുക. ദേശീയ ആരോഗ്യ അതോറിറ്റിക്കാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഏറെ പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ആയുഷ്മാന്‍ ഭാരതിനെക്കുറിച്ച് വിവരിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണുകള്‍ രാജ്യത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൂടെയാണ് ജനങ്ങളിലേക്കെത്തുക. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് കാര്‍ട്ടൂണുകള്‍ ലഭ്യമാവുക. പ്രാദേശിക ഭാഷകളില്‍ ഉടന്‍ തന്നെ കാര്‍ട്ടൂണുകള്‍ എത്തുമെന്ന് ആയുഷ്മാന്‍ പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡോ ഇന്ദു ഭൂഷണ്‍ അറിയിച്ചു.

നിലവില്‍ മറാത്തിയിലേക്കുള്ള പരിഭാഷ നടന്നുകൊണ്ടിരിക്കുകയാണെന്നും  ഇന്ദു ഭൂഷണ്‍ വ്യക്തമാക്കി. 27 പേജുകളിലായാണ് കാര്‍ട്ടൂണ്‍ എത്തുന്നത്. പദ്ധതിയുടെ ഗുണങ്ങള്‍ വ്യക്തമാക്കുന്നതിനൊപ്പം എങ്ങനെ പദ്ധതിയുടെ ഗുണങ്ങള്‍ ലഭ്യമാക്കാനുള്ള വിവരങ്ങള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ നല്‍കും.