രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് പ്രക്രിയയ്ക്ക് തുടക്കമായി. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസിൽ, ആദ്യ ഘട്ടത്തിൽ വീടുകളുടെ വിവരങ്ങളും രണ്ടാം ഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പും നടത്തും. പൊതുജനങ്ങൾക്ക് ആദ്യമായി സ്വയം വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

ദില്ലി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് ഇന്ന് തുടക്കമാകും. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയോടെയാണ് സെൻസസ് നടപടികൾ ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ വീടുകളുടെ വിവരശേഖരണവും രണ്ടാം ഘട്ടത്തിൽ യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക. 2011-ന് ശേഷം കൊവിഡ് പശ്ചാത്തലത്തിൽ നീണ്ടുപോയ സെൻസസ് നടപടികളാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്.

ആദ്യ ഘട്ടത്തിലെ ഭവന സെൻസസിൽ വീടുകളുടെ തരം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വീട്ടിലുള്ള ആസ്തികൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. ഓരോ കുടുംബത്തിന്‍റെയും സാമ്പത്തിക നിലവാരവും ജീവിത സാഹചര്യങ്ങളും മനസിലാക്കാൻ ഇത് സഹായിക്കും. 2027 ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് വ്യക്തിഗത വിവരങ്ങളും ജാതി വിവരങ്ങളും ഉൾപ്പെടെയുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. ഇത്തവണ വിവരശേഖരണത്തിനായി മൊബൈൽ ആപ്പുകളും പ്രത്യേക വെബ് പോർട്ടലുകളും ഉപയോഗിക്കുന്നതിനാൽ വിവരങ്ങൾ വേഗത്തിലും കൃത്യമായും ലഭ്യമാകും.

കേരളത്തിൽ ആദ്യഘട്ട സെൻസസ് നടപടികൾ ജൂൺ മാസത്തിലാണ് ആരംഭിക്കുന്നത്. ജൂൺ 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള 'സെൽഫ് എന്യൂമറേഷൻ' സൗകര്യം ലഭ്യമാകും. തുടർന്ന് ജൂലൈ ഒന്ന് മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. രാജ്യത്താകെ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് 2027 മാർച്ച് ഒന്നോടുകൂടി പുതിയ സെൻസസ് കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

സ്വയം വിവരങ്ങൾ രേഖപ്പെടുത്താം (Self-Enumeration)

സെൻസസ് ചരിത്രത്തിൽ ആദ്യമായി പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ പോർട്ടൽ വഴി സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ലിങ്ക്: https://se.census.gov.in എന്ന പോർട്ടൽ സന്ദർശിക്കുക.

രീതി: മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത്, ഭൂപടത്തിൽ ലൊക്കേഷൻ അടയാളപ്പെടുത്തി കുടുംബവിവരങ്ങൾ നൽകാം.

എസ് ഇ ഐഡി: വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ ലഭിക്കുന്ന 16 അക്ക യൂണിക് ഐഡി (Self-Enumeration ID), പിന്നീട് വീട്ടിലെത്തുന്ന ഉദ്യോഗസ്ഥന് കൈമാറിയാൽ മതിയാകും. 16 ഭാഷകളിൽ വിവരങ്ങൾ നൽകാൻ സാധിക്കും.

വിവരങ്ങൾ പൂർണ്ണ സുരക്ഷിതം

സെൻസസ് നിയമത്തിലെ സെക്ഷൻ 15 പ്രകാരം വ്യക്തിഗത വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. ഇവ വിവരാവകാശ നിയമപ്രകാരം (RTI) നൽകാനോ കോടതിയിൽ തെളിവായി ഉപയോഗിക്കാനോ പാടില്ല," എന്ന് രജിസ്ട്രാർ ജനറൽ മൃത്യുഞ്ജയ് കുമാർ നാരായൺ വ്യക്തമാക്കി. അദ്ധ്യാപകർ ഉൾപ്പെടെ മുപ്പത് ലക്ഷത്തോളം പേരെയാണ് ഈ ദൗത്യത്തിനായി രാജ്യത്തുടനീളം നിയോഗിച്ചിരിക്കുന്നത്. പേപ്പർ ഫോമുകൾക്ക് പകരം മൊബൈൽ ആപ്പുകളും ടാബ്‌ലെറ്റുകളും ഉപയോഗിച്ചാണ് വിവരശേഖരണം. 'CMMMS' എന്ന സെൻട്രൽ മാനേജ്‌മെന്റ് സിസ്റ്റം വഴി വിവരങ്ങൾ തത്സമയം നിരീക്ഷിക്കാനും തെറ്റുകൾ തിരുത്താനും സാധിക്കും. ജിയോ ടാഗിംഗ് സംവിധാനം ഉള്ളതിനാൽ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനും ഡാറ്റാ ചോർച്ച തടയാനും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ആപ്പിൽ ഒരുക്കിയിട്ടുണ്ട്.