ഡെറാഡൂണ്‍: ലോക്ക്ഡൌണിന് ഇടയിലും കേദാര്‍നാഥ് ക്ഷേത്രം തുറന്നു. ഇന്ന് രാവിലെ 6.10ഓടെയാണ് ക്ഷേത്രം തുറന്നത്. എന്നാല്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കാതെയാണ് ക്ഷേത്രം തുറന്നത്. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനടക്കം 16 പേരാണ് ഇന്ന് ക്ഷേത്രത്തിലെത്തിയത്. ആദ്യമായാണ് വിശ്വാസികളില്ലാതെ കേദാര്‍നാഥിലെ ക്ഷേത്രം തുറക്കുന്നത്. ക്ഷേത്രാചാരമനുസരിച്ച് കേദാര്‍നാഥിന്‍റെ കവാടം തുറക്കാന്‍ തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

Image

വര്‍ഷം തോറും ലക്ഷക്കണക്കിന് വിശ്വാസികളും സഞ്ചാരികളുമെത്തുന്ന ക്ഷേത്രമായ കേദാര്‍നാഥില്‍ ചരിത്രത്തില്‍ ആദ്യമായാണ് വിശ്വാസികളില്ലാതെ നടതുറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചുറ്റിലും മഞ്ഞ് വീണ് കിടക്കുന്നതിനിടയില്‍ കേദാര്‍നാഥ് ക്ഷേത്രം തുറന്നതിന്‍റെ ചിത്രങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതലായി മഞ്ഞ് മൂടിയ നിലയിലാണ് ക്ഷേത്ര പരിസരമുള്ളത്. 

Image

തീര്‍ത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തെക്കുറിച്ച് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇതിനോടകം 52 കൊറോണ് വൈറസ് കേസുകളാണ് ഉത്തരാഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 34 പേര്‍ രോഗമുക്തി നേടിയെന്നാണ് സംസ്ഥാന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. 

Image