കൊല്ലപ്പെട്ട മണിപ്പൂരി സംഗീതജ്ഞൻ ചോങ്താം വിക്രം സിങ്ങിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. നെഞ്ചിലും വയറ്റിലുമേറ്റ ക്രൂരമായ മർദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി.

ദില്ലി: മണിപ്പൂരി സംഗീതജ്ഞൻ ചോങ്താം വിക്രം സിങ്ങിന്റെ മരണകാരണം നെഞ്ചിലും വയറ്റിലുമേറ്റ ക്രൂരമായ മർദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾക്ക് ഉൾപ്പെടെ ഗുരുതരമായ പരിക്കുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കടുത്ത ശാരീരിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ദില്ലി എയിംസിലെ ഫൊറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. സുധീർ ഗുപ്ത പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നെഞ്ചിലും വയറ്റിലുമേറ്റ ശക്തമായ ആഘാതങ്ങൾ വലിയതോതിലുള്ള രക്തസ്രാവത്തിന് കാരണമായി.

പോസ്റ്റുമോർട്ടത്തിൽ, വിക്രം സിങ്ങിന്റെ തല, മുഖം, കൈകൾ, നെഞ്ച്, വയറ്, പുറം, കാലുകൾ എന്നിവിടങ്ങളിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇടതുവശത്തെ ഒന്ന് മുതൽ 11 വരെയുള്ള വാരിയെല്ലുകളും വലതുവശത്തെ ആറുമുതൽ ഒൻപതുവരെയുള്ള വാരിയെല്ലുകളും പൊട്ടിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശരീരത്തിൽ നിരവധി പോറലുകളും ചതവുകളും കണ്ടെത്തിയിട്ടുണ്ട്.ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും വിഷാംശം കണ്ടെത്താനുള്ള പരിശോധനയ്ക്കുമായി അയച്ചിട്ടുണ്ട്.

54 വയസ്സുകാരനായ വിക്രം സിങ്, ദില്ലിയിലെ കിലോകാരി ഗ്രാമത്തിലെ സൺലൈറ്റ് കോളനിയിൽ വെച്ചാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. വിക്രം സിങ്ങിൻ്റെ മരണം മണിപ്പൂരിലും ദില്ലിയിലെ മണിപ്പൂർ സമൂഹത്തിനിടയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് കുടുംബാംഗങ്ങളും സഹപ്രവർത്തകരും രംഗത്തെത്തി.

പൊലീസ് എഫ്ഐആർ പ്രകാരം, സൗത്ത് ദില്ലിയിലെ ആശ്രമം ഏരിയയിലുള്ള വിക്രം സിങ്ങിന്റെ വീടിന് പുറത്ത് ഒരു സംഘം ആളുകൾ ബഹളമുണ്ടാക്കിയത് അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് അക്രമികൾ അദ്ദേഹത്തെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സെപ്റ്റംബർ ഏഴിന് പ്രതികൾ കെട്ടിടത്തിനുള്ളിൽ അതിക്രമിച്ചുകയറി, മൂന്ന് നിലകളോളം വിക്രം സിങ്ങിനെ ഓടിച്ചിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിക്രം സിങ്ങിനെ രക്ഷിക്കാനായില്ല.

നേരത്തെ ഭർത്താവിനെ ഭീഷണിപ്പെടുത്തിയവർ തന്നെയാണ് അക്രമികളെന്ന് വിക്രം സിങ്ങിന്റെ ഭാര്യ പിന്നീട് തിരിച്ചറിഞ്ഞു. ആക്രമണത്തിന് ശേഷം പ്രതികൾ കെട്ടിടത്തിൽനിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ എട്ട് പ്രതികളെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.