സ്വകാര്യഭാഗങ്ങളില്‍ ക്ഷതം, മര്‍ദനം; ബംഗാളിലെ ഡോക്ടർ നേരിട്ടത് അതിക്രൂരപീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പ്രതിയുടെ ഫോൺ നിറയെ അശ്ലീലവീഡിയോകളെന്നും പൊലീസ് വ്യക്തമാക്കി.
കൊൽക്കത്ത: ബംഗാളിൽ ക്രൂരപീഡനത്തിന് ഇരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വനിത ഡോക്ടർ നേരിട്ടത് അതിക്രൂരപീഡനമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യഭാഗങ്ങളിൽ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. വയറ്റിലും കഴുത്തിലും മർദനമേറ്റിരുന്നു. അതുപോലെ കണ്ണട പൊട്ടി രണ്ട് കണ്ണുകളിലും ഗ്ലാസ് തറച്ചു കയറിയിട്ടുണ്ട്. മരണം സംഭവച്ചത് പുലർച്ചെ മൂന്നിനും അഞ്ച് മണിക്കും ഇടയിലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിയുടെ ഫോൺ നിറയെ അശ്ലീലവീഡിയോകളെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതക ശേഷം പ്രതി പോലീസ് ബാരക്കിൽ പോയി ഉറങ്ങിയെന്നും പൊലീസ് പറഞ്ഞു.
ഡ്യൂട്ടിക്കിടെ വനിത ഡോക്ടർ ലൈംഗികാതിക്രമത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പട്ട് നല്‍കിയ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാവ് അഡ്വ .കൗസ്തവ് ബഗ്ചി നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഒരാഴ്ചക്കുളളില്‍ കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കില്‍ കേസ് സിബിഐക്ക് ഏറ്റെടുക്കാമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തുന്ന രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം നടത്തുന്ന ഡോക്ടർമാർക്കെതിരെ പോലീസിന്‍റെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകരുതെന്ന് ഫെഡറേഷൻ ഓഫ് റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ആശുപത്രി ഭരണ സമിതിയിൽ വൻ സ്വാധീനം പ്രതിക്കുണ്ടായിരുന്നു എന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.