ജീവയുടെ ശരീരത്തില്‍ രക്തക്കറ കണ്ടതോടെ അയല്‍ക്കാരും ചേര്‍ന്ന് ഇയാളെ ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. 

ഹൈദരാബാദ്: കുടുംബം പട്ടിണിയിലായതോടെ മനോനില കൈവിട്ട യുവ കര്‍ഷകന്‍ നാലുവയസ്സുകാരി മകളെ കഴുത്തറുത്തുകൊന്നു. തെലങ്കാനയിലെ സംഗ റെഡ്ഡി ജില്ലയിലെ ഗോങ്ലൂരി ആദിവാസി മേഖലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ജീവ എന്ന കര്‍ഷകനാണ് മകളെ ദാരുണമായി കൊലപ്പെടുത്തിയത്. ജീവയ്ക്ക് ഒരു മകളും ഒരു മകനും കൂടിയുണ്ട്. ഇയാളുടെ സഹോദരിയും കുടുംബത്തിനൊപ്പമാണ് കഴിയുന്നത്. എല്ലാവര്‍ക്കൂം ഭക്ഷണത്തിനുള്ള വക കണ്ടെത്താന്‍ കഴിയാത്തതും കടബാധ്യതയും ജീവയെ നിരാശയിലാക്കിയിരുന്നു എന്നാണ് വാര്‍ത്ത എജന്‍സി റിപ്പോര്‍ട്ട് പറയുന്നത്. 

വ്യാഴാഴ്ച രാത്രി പിതൃസഹോദരിക്കൊപ്പമാണ് ജീവയുടെ രണ്ട് പെണ്‍മക്കളും ഉറങ്ങാന്‍ കിടന്നത്. മകന്‍ ജീവയ്ക്കും ഭാര്യയ്ക്കുമൊപ്പമായിരുന്നു. രാത്രി 10.30 ഓടെ ജീവയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മകളെ കാണാനില്ലെന്ന് ഇയാള്‍ അറിയിച്ചു. വീടിനു പുറത്തിറങ്ങി നോക്കിയ വീട്ടുകാര്‍ മകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. 

ജീവയുടെ ശരീരത്തില്‍ രക്തക്കറ കണ്ടതോടെ അയല്‍ക്കാരും ചേര്‍ന്ന് ഇയാളെ ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇതോടെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതോടെയാണ് ജീവ കുറ്റം സമ്മതിച്ചത്. 

വിഭ്രാന്തിയില്‍ എത്താണ് ചെയ്തതെന്ന് അറിയില്ലെന്ന് ജീവ പറയുന്നു. കടബാധ്യതയും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയില്ലെന്ന ചിന്തയുമാണ് ഒരു കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി ഡി.എസ്.പി ശ്രീധര്‍ റെഡ്ഡി പറഞ്ഞു.