ഇന്ത്യൻ കോലാപ്പൂരി ചെരിപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ലിമിറ്റഡ് എഡിഷൻ സാൻഡൽ ശേഖരം പുറത്തിറക്കി ലോകപ്രശസ്ത ഫാഷൻ ബ്രാൻഡായ പ്രാദ
ദില്ലി: ഇന്ത്യൻ കോലാപ്പൂരി ചെരിപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ലിമിറ്റഡ് എഡിഷൻ സാൻഡൽ ശേഖരം പുറത്തിറക്കി ലോകപ്രശസ്ത ഫാഷൻ ബ്രാൻഡായ പ്രാദ. ഇന്ത്യയിലെ പരമ്പരാഗത ചെരുപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് നിർമ്മാണം. റിപ്പോർട്ടുകൾ പ്രകാരം, മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ പരമ്പരാഗത കോലാപുരി ചെരിപ്പ് നിർമ്മാണ ശൈലികളെ അടിസ്ഥാനമാക്കിയാണ് പ്രാദയുടെ ഈ പുതിയ ശേഖരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കരകൗശല തൊഴിലാളികളുടെ ശൈലിയും ആധുനിക ഡിസൈനും ചേർത്താണ് ഉൽപ്പന്നം ഒരുക്കിയിരിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി, ഇന്ത്യയിലെ എട്ട് ജില്ലകളിൽ നിന്നുള്ള കരകൗശല തൊഴിലാളികൾക്ക് പരിശീലനം നൽകുന്ന മൂന്ന് വർഷത്തെ പ്രത്യേക പരിപാടിയും പ്രാദ പ്രഖ്യാപിച്ചിട്ടുണ്ട്. പരമ്പരാഗത കൈത്തൊഴിൽ സംരക്ഷിക്കുകയും ആഗോള വിപണിയിൽ അതിന് പുതിയ സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഈ സാൻഡലുകൾ തെരഞ്ഞെടുക്കപ്പെട്ട പ്രാദ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമിലും ലഭ്യമാകും. ഓരോ ജോഡിയുടെയും വില ഏകദേശം 750 യൂറോ (ഏകദേശം 80,000 രൂപയ്ക്ക് മുകളിൽ) വരെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



