ഭോപ്പാൽ: ബുക്ക് ചെയ്ത സീറ്റ് നൽകിയില്ലെന്ന് സ്വകാര്യ എയർലൈൻ കമ്പനിയായ സ്​പൈസ്​ജെറ്റി​നെതിരെ പരാതിയുമായി ഭോപ്പാൽ എം.പി പ്ര‌ഗ്യാസിം​ഗ്​ താക്കൂർ.  ഡൽഹി-ഭോപ്പാൽ വിമാന യാത്രക്കിടെയായിരുന്നു സംഭവം. ഭോപ്പാലിലെ രാജാ ഭോജ്​ എയർപോർട്ട്​ ഡയറക്​ടർക്കാണ്​​ പ്ര​ഗ്യാസിം​ഗ് പരാതി നൽകിയത്​. ഭോപ്പാലിൽ വിമാനം ലാൻഡ്​ ചെയ്​തപ്പോൾ അതിൽ നിന്ന്​ പുറത്തിറങ്ങാൻ ആദ്യം പ്രഗ്യാസിംഗ് തയാറായില്ല. പിന്നീട്​ മാധ്യമങ്ങൾ എത്തിയതോടെയാണ്​ അവർ വിമാനത്തിൽ നിന്ന്​ പുറത്തിറങ്ങുകയും പരാതി നൽകുകയും ചെയ്​തത്​.

എയർപോർട്ട് ജീവനക്കാർ യാത്രക്കാരോട് മാന്യമായി പെരുമാറുന്നില്ലെന്നും പ്ര​ഗ്യാസിം​ഗ് ആരോപിച്ചു. ''ഞാൻ ബുക്ക് ചെയ്ത സീറ്റല്ല അവർ എനിക്ക് നൽകിയത്. ഞാനവരോട് നിയമങ്ങൾ കാണിക്കാൻ ആവശ്യപ്പട്ടു. അവർ തയ്യാറാകാത്തതിനെ തുടർന്ന് ഡയറക്ടറെ വിളിച്ച് പരാതി നൽകി.'' പ്ര​ഗ്യാസിം​ഗ് പറഞ്ഞു. എയർപോർട്ട് അധികൃതരുമായും പ്ര​ഗ്യാസിം​ഗുമായും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും പരാതി സ്വീകരിച്ചതായും എയർപോർട്ട് ഡയറക്ടർ അനിൽ വിക്രം പറഞ്ഞു. തിങ്കളാഴ്ച പരാതി പരിശോധിക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐയോട് അദ്ദേഹം വ്യക്തമാക്കി.