ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില വീണ്ടും വഷളായെന്ന് ദില്ലിയിലെ സൈനിക ആശുപത്രി വ‍ൃത്തങ്ങൾ. ശ്വാസ കോശത്തിലെ അണുബാധ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് ആരോഗ്യസ്ഥിതി വഷളാക്കിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നാണ് സൈനിക ആശുപത്രി പറയുന്നത് .

കഴിഞ്ഞ 10 നാണ് കുളിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റ പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ ഇതിനിടെ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.