ദില്ലി: പ്രശാന്ത് ഭൂഷണെതിരായ കോടതി അലക്ഷ്യ കേസ് ശിക്ഷയിന്മേൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. വാദം മാറ്റിവെക്കണമെന്ന പ്രശാന്ത് ഭൂഷന്‍റെ ആവശ്യം തള്ളിയ കോടതി, അന്തിമ തീർപ്പിന് ശേഷവും പുനപരിശോധന ഹർജി നൽകാമെന്ന് വ്യക്കമാക്കി. പ്രശാന്ത് ഭൂഷണ് ജയിൽ ശിക്ഷ വിധിച്ചാലും പുനപരിശോധന ഹർജിയിലെ തീരുമാനത്തിന് ശേഷമെ വിധി നടപ്പാക്കേണ്ടതുള്ളുവെന്നും ജസ്റ്റിസ് അരുൺമിശ്ര കൂട്ടിച്ചേര്‍ത്തു.

കേസ് പരിഗണിക്കുന്ന ബെഞ്ചിനെതിരെയും പ്രശാന്ത് ഭൂഷന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയിൽ വാദിച്ചു. ജസ്റ്റിസ് അരുൺമിശ്ര വിരമിക്കുന്നതിന് മുമ്പ് എല്ലാം തീരുമാനിക്കുന്നു എന്ന സന്ദേശം എന്തിന് നൽകുന്നു എന്ന് ദവെ ചോദിച്ചു. മറ്റേതെങ്കിലും ബെഞ്ച് ശിക്ഷയിന്മേൽ വാദം കേൾക്കണമെന്നും ദുഷ്യന്ത് ദവേ ആവശ്യപ്പെട്ടെങ്കിലും അങ്ങനെ ഒരു വ്യവസ്ഥയില്ലെന്ന് ജസ്റ്റിസ് അരുൺമിശ്ര വ്യക്തമാക്കി. 

പ്രസ്താവന തിരുത്താൻ തയ്യാറാണോ എന്ന് പ്രശാന്ത് ഭൂഷണോട് ബെഞ്ചിലെ ജസ്റ്റിസ് ഗവായ് ചോദിച്ചു. ചിന്തിക്കാൻ സമയം വേണമെങ്കിൽ രണ്ട് മൂന്ന് ദിവസത്തെ സമയം നൽകാമെന്നും കോടതി അറിയിച്ചു. പ്രശാന്ത് ഭൂഷണിന്റെ മറുപടി വായിച്ചുനോക്കി അറ്റോർണി ജനറൽ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ പ്രസ്താവനയിൽ മാറ്റമില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ മറുപടി. തുടര്‍ന്ന് നിലപാടിൽ മാറ്റമില്ലെങ്കിൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ജസ്റ്റിസ് അരുൺമിശ്രയും അറിയിച്ചു. 

അതേ സമയം പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആരെയും ശിക്ഷിക്കാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് അരുൺമിശ്ര കുറ്റം ചെയ്തവർ അത് സമ്മതിക്കണമെന്നും  പറഞ്ഞു.  പ്രശാന്ത് ഭൂഷൺ ക്ഷമ ചോദിക്കാത്തിടത്തോളം ശിക്ഷിക്കരുത് എന്ന അറ്റോർണി ജനറലിന്റെ ആവശ്യം അംഗീകരിക്കില്ല.  സ്വന്തം തെറ്റ് തിരിച്ചറിയാൻ പ്രശാന്ത് ഭൂഷൺ തയ്യാറാകുന്നില്ലെന്നും ലക്ഷ്മണ രേഖ തിരിച്ചറിയണമെന്നും കോടതി വാദത്തിനിടെ ആവശ്യപ്പെട്ടു 

പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതി നടപടിക്കെതിരെ മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ്, ഇന്ദിരാ ജയ്സിംഗ് ഉൾപ്പടെയുള്ളവര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ ജസ്റ്റിസ് കുര്യൻ ജോസഫ് ഉൾപ്പടെയുള്ളവരുടെ പ്രതികരണങ്ങൾ ഇവിടെ പറയേണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് മിശ്ര അതിനുള്ള മറുപടി ക്ഷണിച്ചുവരുത്തേണ്ട എന്നും താക്കീത് നൽകി. 

അതേ സമയം കുറ്റക്കാരനെന്ന കോടതി വിധിയിൽ ദുഖമുണ്ടെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. യാതൊരു തെളിവും മുന്നോട്ടുവെക്കാതെയാണ് കോടതിയുടെ തീരുമാനം എന്നത് ഞെട്ടിച്ചുവെന്നും എന്നാൽ മാപ്പു പറയില്ലെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. കോടതി എന്ത് ശിക്ഷ വിധിച്ചാലും സന്തോഷത്തോടെ സ്വീകരിക്കും. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ വിമർശനങ്ങൾ ഉണ്ടാകണം. ട്വിറ്ററിൽ നടത്തിയ പരാമർശങ്ങൾ അതിനുവേണ്ടിയുള്ള ശ്രമമാണെന്നും പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേര്‍ത്തു. 

രാജ്യത്ത് അഴിമതിക്കെതിരെ നിയമപോരാട്ടങ്ങൾ നടത്തുന്ന വ്യക്തിയാണ് പ്രശാന്ത് ഭൂഷണെന്നത് പരിഗണിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ട അഭിഭാഷകൻ രാജീവ് ധവാൻ പ്രശാന്ത് ഭൂഷൻ കുറ്റക്കാരനെന്ന കോടതി വിധി വലിയ വിമർശനങ്ങൾ ഉണ്ടാക്കിയെന്നും കോടതിയിൽ വ്യക്തമാക്കി. എന്നാൽ പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകൾക്ക് എതിരെയാണ് നടപടിയെന്ന് ജസ്റ്റിസ്അരുൺമിശ്ര പറഞ്ഞു.

ചീഫ് ജസ്റ്റിസ് എസ്എ. ബോബ്ഡേക്കെതിരെ . പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിൽ നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതി അലക്ഷ്യം ചെയ്തുവെന്നാണ് സുപ്രീംകോടതി കഴിഞ്ഞ 14 ന് വിധിച്ചത്.