എഐസിസിയിൽ നിർണ്ണായക പദവി ലഭിക്കുമെന്ന സൂചനകൾക്കിടെയാണ് നീക്കം. 2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെ നിര്‍ണ്ണായക സ്ഥാനം പ്രശാന്ത് കിഷോറിന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്

ദില്ലി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം രാജിവച്ചു. എഐസിസിയിൽ നിർണ്ണായക പദവി ലഭിക്കുമെന്ന സൂചനകൾക്കിടെയാണ് നീക്കം.

2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെ നിര്‍ണ്ണായക സ്ഥാനം പ്രശാന്ത് കിഷോറിന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഗാന്ധി കുടുംബവുമായി പ്രശാന്ത് കിഷോര്‍ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. 

പഞ്ചാബില്‍ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടു എന്നതിന്റെ സൂചനയായാണ് ഗാന്ധി കുടംബവുമായുള്ള പ്രശാന്ത് കിഷോറിന്‍റെ കൂടിക്കാഴ്ചയെ വിലയിരുത്തിയിരുന്നത്. രാഹുല്‍ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്ത സോണിയ ഗാന്ധി പ്രശാന്ത് കിഷോറിന്‍റെ മുന്നില്‍ നിര്‍ണ്ണായകമായ ഓഫര്‍ വച്ചുവെന്നാണ് അറിയുന്നത്. രാഹുലും പ്രിയങ്കയും സോണിയഗാന്ധിയും പ്രശാന്ത് കിഷോറുമായി പ്രത്യേകം കൂടുക്കാഴ്ച നടത്തിയിരുന്നു. സംഘടനരംഗത്ത് വലിയ അഴിച്ചുപണി നടക്കുന്നതിന് മുന്നോടിയായണ് വലിയ പദവി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സംഘടന ജനറല്‍സെക്രട്ടറി സ്ഥാനത്തടക്കം അഴിച്ചുപണി നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ പാര്‍ട്ടിയെ രക്ഷിക്കാന്‍ പ്രശാന്ത് കിഷോറിന്‍റെ തന്ത്രങ്ങള്‍ ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതിനോട് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചതായി വിവരമില്ല. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി അധികനാള്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശും പഞ്ചാബുമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രശാന്ത് കിഷോറിന്‍റെ ഉപദേശം പാര്‍ട്ടി തേടിയതായി വിവരമുണ്ട്. അതേ സമയം തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി വേണമെന്ന നിര്‍ദ്ദേശം പ്രശാന്ത് കിഷോര്‍ മുന്‍പോട്ട് വച്ചെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് അനിശ്ചിത്വം തുടരുന്നത് ശരിയല്ലെന്നും സംഘടനസംവിധാനം ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പുതിയ നേതൃത്വം വരണമെന്നും പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona