ഭോപ്പാൽ: വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സ്കൂളുകളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്  മധ്യപ്രദേശ് സർക്കാർ. എല്ലാ ശനിയാഴ്ചയും പ്രാർത്ഥനയ്ക്ക് ശേഷം എല്ലാ പ്രൈമറി, മിഡിൽ സ്കൂളുകളിലെയും ഹെഡ് മാസ്റ്റർ അല്ലെങ്കിൽ ഏതെങ്കിലും അധ്യാപകൻ ഭരണഘടനയുടെ ആമുഖം വായിക്കും. ഇത് പിന്നീട് വിദ്യാർത്ഥികളും ഏറ്റുചൊല്ലണം. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മധ്യപ്രദേശിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള 1.20 ലക്ഷത്തിലധികം സ്കൂളുക‌ളിൽ 63 ലക്ഷത്തിലധികം വിദ്യാർത്ഥികളുള്ളതായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 

മഹാരാഷ്ട്ര സർക്കാർ സ്കൂളുകളിൽ ഭരണഘടനയുടെ ആമുഖം നിർബന്ധമായും വായിക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. അതേസമയം ഈ ഉത്തരവ് മധ്യപ്രദേശിലെ പ്രതിപക്ഷ പാർട്ടിയായി ബിജെപി അനുകൂലമായിട്ടല്ല പ്രതികരിച്ചിരിക്കുന്നത്. “വിദ്യാർത്ഥികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കുന്ന നൂതനമായ ഏതൊരു പരിശീലനവും എല്ലായ്പ്പോഴും സ്വാഗതാർഹമാണ്. എന്നാൽ മധ്യപ്രദേശ് സംസ്ഥാന സർക്കാർ ഈ രീതിയെ ഒരു രാഷ്ട്രീയ ജാലവിദ്യയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു വശത്ത്, 'ഭരണഘടന സംരക്ഷിക്കുക' എന്ന പ്രക്ഷോഭവുമായിട്ടാണ് കോൺ​ഗ്രസ് മുന്നോട്ട് പോകുന്നത്. എന്നാൽ ജനാധിപത്യ വിരുദ്ധ തീരുമാനങ്ങളും നടപടികളും ഉപയോഗിച്ച്  ഭരണഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് കോൺഗ്രസാണ്.” സംസ്ഥാന ബിജെപി വക്താവ് രജനീഷ് അഗർവാൾ പറഞ്ഞു, ആമുഖം വായിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവ് യാദൃശ്ചികമല്ല. രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.