കർണാടകയിലെ ബഡഗുണ്ടിയിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.
ബെംഗളൂരു: കർണാടകയിലെ ബഡഗുണ്ടിയിൽ ഗർഭിണിയായ ഭാര്യയെ വീട്ടിൽ വെച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. രാവിലെയായിട്ടും വീട്ടിൽ ഒച്ചയും അനക്കവും കേൾക്കാത്തതിനെത്തുടർന്നും, ഏറെ നേരമായും വാതിലുകൾ തുറക്കാത്തതു കൊണ്ടും അയൽവാസികളാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്.
തിമ്മപ്പ മുല്യ എന്നയാൾ ഭാര്യ ജയന്തിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലപാതകത്തിനും പിന്നീട് ആത്മഹത്യയിലേക്കും നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. യഥാർത്ഥ കാരണം കണ്ടെത്താനുള്ള വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബഡഗുണ്ടി സ്വദേശിയായ ജയന്തിയും, തിമ്മപ്പയും വിവാഹിതരായിട്ട് 15 വർഷങ്ങളായി. ജയന്തി ഗർഭിണിയായിരുന്നുവെന്നും അവരുടെ ബേബി ഷവർ ചടങ്ങ് ജൂലൈ 2 ന് നിശ്ചയിച്ചിരുന്നതായും ദമ്പതികളുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
