ലഖ്നൗ: ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് യുപിയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ മരിച്ചു.13 മണിക്കൂറിനുള്ളിൽ 8 ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ചികിത്സ ലഭിച്ചില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. ​ഗ്രേറ്റർ നോയിഡയിലെ ഗൗതമബുദ്ധ നഗര്‍ ജില്ലയിലാണ് സംഭവം. 

30 വയസ്സുള്ള നീലം എന്ന യുവതിയാണ് മരിച്ചത്. രക്തസമ്മര്‍ദം ഉയരുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തതോടെയാണ് യുവതിയുടെ ആരോഗ്യനില അപകടത്തിലായത്. തന്‍റെ സഹോദരിയെ ഓട്ടോയില്‍ കയറ്റി ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും എവിടെയും ചികിത്സ ലഭിച്ചില്ലെന്ന് യുവതിയുടെ സഹോദരന്‍ ശൈലേന്ദ്ര കുമാര്‍ പറഞ്ഞു. കിടത്തി ചികിത്സക്ക് ബെഡ് ഇല്ലെന്ന് പറഞ്ഞാണ് മിക്ക ആശുപത്രികളും കയ്യൊഴിഞ്ഞതെന്നും ഇവർ ആരോപിക്കുന്നു. 

സംഭവത്തില്‍ ഗൗതദം ബുദ്ധ് നഗര്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഭര്‍ത്താവായ വിജേന്ദര്‍ സിങും യുവതിക്കൊപ്പം ആംബുലന്‍സില്‍ ഉണ്ടായിരുന്നു. നേരത്തേ ചികിത്സിച്ചിരുന്ന ശിവാലിക് ആശുപത്രിയിലാണ് യുവതിയുമായി ബന്ധുക്കള്‍ ആദ്യമെത്തിയത്. അവിടെ പ്രവേശിപ്പിക്കാതിരുന്നതോടെ ഇഎസ്ഐ ആശുപത്രി, ജില്ലാ ആശുപത്രി, ഫോര്‍ടിസ്, ജയ്പീ ആശുപത്രികളിലുമെത്തിയെങ്കിലും ചികിത്സ ലഭിച്ചില്ല. 

ശാരദ ആശുപത്രിയിലെത്തിയപ്പോള്‍ ശ്വാസതടസ്സത്തിന് താത്കാലിക ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. അവിടെ നിന്ന് ആംബുലന്‍സ് വിട്ടുനല്‍കി. ഒടുവില്‍ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു.