ദില്ലി: ഉത്തർപ്രദേശിൽ ചികിത്സ കിട്ടാതെ ഗർഭിണി ആംബുലൻസിൽ കിടന്ന് മരിച്ചു. പതിമൂന്ന് മണിക്കൂറോളം വിവിധ ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

കൊവിഡ് പ്രതിസന്ധിയിൽ ആശുപത്രികൾ മറ്റ് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന വാർത്തകൾ നിരന്തരം വരുന്നതിനിടെയാണ് ദില്ലിക്കടുത്ത് ഗ്രേറ്റർ നോയിഡയിലെ ദാരുണ സംഭവം. കഴിഞ്ഞ ദിവസമാണ് എട്ട് മാസം ഗർഭിണിയായ നീലത്തിനെ ശാരീരിക അസ്വസ്ഥയെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് ശ്രമിച്ചത്. ചികിത്സ നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും പ്രവേശിപ്പിച്ചില്ല. തുടർന്ന് ഏഴ് ആശുപത്രികളിൽ കൂടി പോയി. കിടക്ക ഒഴിവില്ലെന്നായിരുന്നു മിക്ക ആശുപത്രികളുടേയും വിശദീകരണം. 

മതിയായ ഓക്സിജൻ പോലുമില്ലാതിരുന്ന പതിമൂന്ന് മണിക്കൂർ ഗര്‍ഭിണി ആംബുലൻസിൽ കഴിഞ്ഞത്. മറ്റൊരു ആശുപത്രി തേടിയുള്ള യാത്രയ്ക്കിടെ ആംബുലൻസിൽ വച്ച് തന്നെ മരിച്ചിക്കുകയും ചെയ്തു. സംഭവം നിർഭാഗ്യകരമെന്നും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്ത്വത്തിൽ അന്വേഷണം തുടങ്ങിയതായും ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കഴിഞ്ഞ മാസം ഗ്രേറ്റർ നോയിഡയിൽ തന്നെ ചികിത്സ കിട്ടാതെ ഒരു കുട്ടി മരിച്ചിരുന്നു.