ഹൈദരാബാദ്: സ്ത്രീധനം ആവശ്യപ്പെട്ടുള്ള നിരന്തരമായ പീഡനം സഹിക്കാനാകാതെ ​ഗർഭിണി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം നടന്നത്. സൗമ്യ എന്ന യുവതിയാണ് ജീവനൊടുക്കിയത്. സ്ത്രീധന പീഡനത്തിന് ഭര്‍ത്താവ് ശിവ  കുമാറിനും  കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു.

ഈ വർഷം മേയിലാണ് സൗമ്യയും ശിവ കുമാറും തമ്മിൽ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് പിറ്റേദിവസം മുതൽ സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് സൗമ്യയെ ഭർത്താവും അമ്മായി അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങിയതായി പൊലീസ് പറയുന്നു. മരിക്കുമ്പോൾ സൗമ്യ നാല് മാസം ​ഗർഭിണിയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ മാതാപിതാക്കൾക്കൊപ്പം താമസിച്ചു വരികയായിരുന്നു സൗമ്യ. 

വിവാഹ സമയത്ത് ശിവ കുമാറിന്റെ കുടുംബം സ്വത്ത് ആവശ്യപ്പടുകയും ചേരിയിലുള്ള ഒരേയൊരു വീട് സൗമ്യയുടെ മാതാപിതാക്കൾ എഴുതിക്കൊടുക്കുകയും ചെയ്തു. എന്നാൽ, വിവാഹ ശേഷം ശിവ കുമാർ കുടുതൽ സ്വത്തുക്കൾ ആവശ്യപ്പെടുകയായിരുന്നുവെന്ന് സൗമ്യയുടെ ബന്ധു വിജയ് പൊലീസിനോട് പറഞ്ഞു. ഇതേചൊല്ലി സൗമ്യയോട് ശിവ എന്നും വഴക്കിടുമായിരുന്നുവെന്നും ഇയാൾ പറയുന്നു.  മകന് മറ്റൊരു ബന്ധവും മെച്ചപ്പെട്ട സ്ത്രീധനവും ലഭിക്കുമെന്ന് അമ്മായി അമ്മ സൗമ്യയോട് പറഞ്ഞതായും വിജയ് കൂട്ടിച്ചേർത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം ശിവ കുമാറിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.