വേദന കഠിനമായതിനെ തുടർന്ന് യുവതിയെ ബന്ധുക്കൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കോലറിലെ കെജിഎഫ് സർക്കാർ ആശുപത്രിയിലാണ് സംഭവം
ബെംഗളൂരു: പ്രസവവേദനയുമായെത്തിയ യുവതിയെ ലേബർ റൂമിൽ പ്രവേശിപ്പിക്കാതെ നാല് മണിക്കൂറോളം ആശുപത്രി അധികൃതർ പുറത്ത് നിർത്തി. വേദന കഠിനമായതിനെ തുടർന്ന് യുവതിയെ ബന്ധുക്കൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കോലറിലെ കെജിഎഫ് സർക്കാർ ആശുപത്രിയിലാണ് സംഭവം.
കോലർ സ്വദേശി സമീറ (22) യ്ക്കാണ് ഡോക്ടർമാരുടെ അനാസ്ഥമൂലം തന്റെ കുഞ്ഞിനെ നഷ്ടമായത്. ഭർത്താവിനും മറ്റ് രണ്ട് ബന്ധുക്കൾക്കൊപ്പവുമാണ് സമീറ ആശുപത്രിയിൽ എത്തിയത്. എന്നാൽ യുവതിയുടെ നില മോശമാണെന്ന് അറിഞ്ഞിട്ടും ചികിത്സ നൽകാൻ ആശുപത്രി ജീവനക്കാർ തയ്യാറായില്ല. തുടർന്ന് യുവതിയെ അടുത്തുള്ള ആർഎൽ ജലപ്പ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തക്കസമയത്ത് ചികിത്സ ലഭിച്ചതിനാൽ തലനാരിഴയ്ക്കാണ് സമീറ രക്ഷപ്പെട്ടതെന്ന് സമീറയുടെ ഭർത്താവ് പറഞ്ഞു. ആശുപത്രി വരാന്തയിൽ ഇരുന്ന് പ്രസവവേദനകൊണ്ട് പുളയുന്ന യുവതിയുടെ വീഡിയോ വൈറലാണ്.
സംഭവത്തിൽ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശിവകുമാറിനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. കോലർ ബിജെപി എംപി മുനിസ്വാമി ആശുപത്രിയിലെത്തി സമീറയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സമീറയുടെ കുടുംബം അധികൃതർക്കെതിരെ പൊലീസിൽ പരാതി നൽകിയതായി ന്യൂസ് മിനിട്ട് റിപ്പോർട്ട് ചെയ്യുന്നു.
