ബെം​ഗളൂരൂ: ലോക്ക്ഡൗണിനിടെ ചികിത്സയ്ക്കായി ആശുപത്രി തേടി ഗര്‍ഭിണി സഞ്ചരിച്ചത് ഏഴ് കിലോമീറ്റളോളം. പിന്നാലെ അഭയം തേടിയെത്തിയ ദന്താശുപത്രിയില്‍ യുവതി കുഞ്ഞിന് ജന്മം നൽകി. കർണാടകയിലെ ബെഗളൂരൂവിലാണ് സംഭവം നടന്നത്.

പ്രസവ വേദനയെ തുടർന്ന് ഭര്‍ത്താവിനൊപ്പമാണ് യുവതി ആശുപത്രി തേടി അലഞ്ഞതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഏഴ് കിലോമീറ്ററോളമാണ് ഇവർ സഞ്ചരിച്ചത്. പിന്നാലെ അഭയം തേടി ദമ്പതികള്‍ ദന്താശുപത്രിയെ സമീപിക്കുകയായിരുന്നു. 

ആശുപത്രികളോ ക്ലിനിക്കുകളോ തുറന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചാണ് ദമ്പതികള്‍ നടന്നതെന്ന് ദന്തൽ ഡോക്ടറായ രമ്യ പറയുന്നു. ഇവരുവരും അഞ്ച്- ഏഴ് കിലോമീറ്റര്‍ വരെ കാല്‍നടയായി സഞ്ചരിച്ചു. തുടർന്നാണ് അഭയം തേടി ദന്താശുപത്രിയിൽ എത്തിയതെന്നും രമ്യ പറയുന്നു.

ഇവരുടെ അവസ്ഥ കണ്ട് ദന്താശുപത്രിയിലെ അധികൃതര്‍ പ്രസവത്തിനായി വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയായിരുന്നു. പ്രസവിച്ച ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയതായും രമ്യ പറയുന്നു.