ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്‍റെ കടമയാണെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു. 

ദില്ലി: രാജ്യത്തിന്‍റെ ജനാധിപത്യത്തിന് വഴികാട്ടിയായത് ഭരണഘടനയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഭരണഘടന കാലത്തിന്‍റെ വെല്ലുവിളികളെയും അതീജീവിച്ച് മുന്നോട്ട് പോകുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്‍റെയും കടമയാണ്. രാഷ്ട്രനിർമാണത്തിൽ സ്ത്രീകൾക്ക് കൂടുതൽ ഇടം നൽകണം. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. സർക്കാരിന്‍റെ സമയബന്ധിതമായ ഇടപെടലുകളിലൂടെയാണ് ഇത് സാധ്യമായത്. ജി 20 അധ്യക്ഷൻ സ്ഥാനം പുതിയ ലോകക്രമം രൂപീകരിക്കാൻ രാജ്യത്തെ സഹായിക്കുമെന്നും രാഷ്ട്രപതി റിപ്ബ്ലിക്ക് ദിന സന്ദേശത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദില്ലിയിൽ ഒരുക്കം പൂർത്തിയായി. കർത്തവ്യ പഥെന്ന് രാജ് പഥിന്‍റെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ കർത്തവ്യ പഥിലും പരിസരത്തുമായി വിന്യസിച്ചു. പരേഡ് റിഹേഴ്സൽ പൂർത്തിയായി. രാവിലെ 6 മണി മുതൽ ദില്ലിയിൽ കർശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. കർത്തവ്യപഥിന്‍റെയും പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും.