ദില്ലി: ലോക്സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ബില്ലിനെ ചൊല്ലി രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം കത്തുന്നതിനിടെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കും മാരത്തണ്‍ സംവാദങ്ങള്‍ക്കും ഒടുവിലാണ് പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച രാജ്യസഭ പാസാക്കിയത്. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറി.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105-നെതിരെ 125-വോട്ടുകള്‍ക്കായിരുന്നു ബില്‍ രാജ്യസഭ പാസാക്കിയത്.

ഏതെങ്കിലും പ്രത്യേക മതസ്ഥരോട് സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നില്ലെന്നും ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഇസ്ലാമിക രാഷ്ട്രങ്ങളായതിനാലും അവിടെയുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ കടുത്ത മനുഷ്യാവകാശധ്വംസനം നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിനാലാണ് ബില്‍ കൊണ്ടു വന്നതെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ അരക്ഷിതരായിരിക്കുമെന്ന വാദം വിശ്വസിക്കാനാവില്ലെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര അഭ്യന്ത്രമന്ത്രി അമിത് ഷാ വ്യക്തമാക്കി. 

അതേസമയം ബില്‍ നിയമമായി മാറിയതോടെ പ്രതിഷേധം കനക്കാനുള്ള സാധ്യതയേറി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മേഘാലയയിലും പ്രതിഷേധം ഇതിനകം അക്രമത്തിലേക്ക് വഴിമാറിയിട്ടുണ്ട്. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ വാഹനം തടഞ്ഞു. മേഘാലയയിൽ തുടരുന്ന പ്രതിഷേധത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കനത്ത പ്രതിഷേധം തുടരുന്ന അസമിൽ മൂന്ന് പേര്‍ പൊലീസ് വെടിവയ്പ്പിൽ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പേര്‍ മരിച്ചതായി അസം ഡിജിപി സ്ഥിരീകരിച്ചിട്ടുണ്ട്.