ദില്ലി: ഇന്ത്യ - ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്‍വരയിൽ ഉണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. വീരമൃത്യു വരിച്ചവർ സേനയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചു. സൈനികരുടെ ത്യാ​ഗം രാജ്യം എന്നും ഓർമ്മിക്കും. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും സംരക്ഷിക്കുന്നതിനായി  ത്യാഗം ചെയ്ത സൈനികരെ വണങ്ങുന്നതായും രാഷ്ട്രപതി ട്വീറ്റ് ചെയ്തു. 20 ഇന്ത്യൻ സൈനികരാണ് ലഡാക്കിൽ വീരമൃത്യു വരിച്ചത്. 

അതേസമയം, അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ ഇന്ത്യയും  ചൈനയും തമ്മിൽ ധാരണയായി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്. ഇന്ത്യ ചൈന സംഘര്‍ഷം ഒരു യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാനുള്ള നിലപാടാണ് രണ്ട് രാജ്യങ്ങളും ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. 

ഉച്ചയോടെ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. ചൈനീസ് സേനയുടെ ആസൂത്രിത നീക്കമാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യ ചൈന ബന്ധത്തില്‍ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നു എസ് ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി.

Read Also: അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യ-ചൈന ധാരണ; വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി...