ഈ മാസം 27ന് യശ്വന്ത് സിൻഹ നാമനിർദേശ പത്രിക സമർപ്പിക്കും, എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു ഇന്ന് നാമനിര്‍ദ്ദേശ പത്രിക നൽകും 

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ ഉറപ്പിക്കാൻ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളാണ് യശ്വന്ത് സിൻഹ സന്ദർശിക്കുക. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങി എത്തിയ ശേഷം ഈ മാസം 27ന് അദ്ദേഹം പത്രിക സമർപ്പിക്കും. 

നേരത്തെ പ്രതിപക്ഷ നിരയിലെ 17 പാർട്ടികളുടെ പിന്തുണയോടെയാണ് യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എൻസിപി അധ്യക്ഷൻ ശരത് പവാറാണ് യശ്വന്ത് സിൻഹയുടെ പേര് മുന്നോട്ടുവച്ചത്. മത്സരിക്കാൻ തൃണമൂലിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി യശ്വന്ത് സിൻഹ അംഗീകരിച്ചിരുന്നു. രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രതിപക്ഷ നിര ഉയർത്തിക്കാട്ടിയ ശരത് പവാറും ഫറൂഖ് അബ്ദുള്ളയും ഗോപാൽകൃഷ്ണ ഗാന്ധിയും പിന്മാറിയതോടെയാണ് യശ്വന്ത് സിൻഹയ്ക്ക് നറുക്ക് വീണത്. 

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാ‍‍‍ര്‍ത്ഥിയായി യശ്വന്ത് സിൻഹ, പ്രഖ്യാപിച്ചു

ദ്രൗപദി മുർമു ഇന്ന് നാമനിര്‍ദ്ദേശ പത്രിക നൽകും

അതേസമയം, എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ ദ്രൗപതി മുര്‍മുവിനൊപ്പം പത്രികാ സമര്‍പ്പണത്തിനെത്തും. ദ്രൗപതി മുർമുവിന്റെ പത്രിക തയ്യാറാക്കുന്നത് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയുടെ നേതൃത്വത്തിലാണ്. നാമനിർദേശ പത്രികയിൽ ഒപ്പിടുന്ന ചിത്രം മന്ത്രി കിരൺ റിജിജു പങ്കുവച്ചു.

ദ്രൗപദി മുര്‍മു ഇന്ന് പത്രിക നൽകും; പത്രിക തയാറാക്കുന്നത് മന്ത്രി കിരൺ റിജിജുവിൻറെ നേതൃത്വത്തിൽ

പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ ദില്ലിയിലെത്തിയ മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ.പി.നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടിസ്ഥാനവർഗത്തിൻറെ പ്രശ്നങ്ങളെ കുറിച്ചും, രാജ്യത്തിന്‍റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുർമുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്. നിതീഷ് കുമാറിന്‍റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി.