ഇത്തവണ 15 പേർക്കാണ് ശൗര്യചക്ര. മഹർ റെജിമെന്റിലെ മേജർ രാഹുൽ ബാലമോഹൻ ധീരതക്കുള്ള രണ്ടാം സേനാമെഡലിന് അർഹനായി

ദില്ലി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സേനാ മെഡലുകൾ പ്രഖ്യാപിച്ചു. ഒരു അശോക ചക്രയും ഒരു കീർത്തിചക്രയും ഉൾപ്പടെ 144 മെഡലുകളാണ് പ്രഖ്യാപിച്ചത്. ജമ്മുകശ്മീർ പൊലീസിൽ എഎസ്ഐയായിരുന്ന ബാബുറാമിന് മരണാന്തര ബഹുമതിയായി അശോക ചക്ര നൽകും. ജമ്മുകശ്മീർ പൊലീസിലെ കോൺസ്റ്റബിളായിരുന്ന അൽത്താഫ് ഹുസൈൻ ഭട്ടിന് മരണാനന്തര ബഹുമതിയായി കീർത്തി ചക്രയും പ്രഖ്യാപിച്ചു.

ഇത്തവണ 15 പേർക്കാണ് ശൗര്യചക്ര. മഹർ റെജിമെന്റിലെ മേജർ രാഹുൽ ബാലമോഹൻ ധീരതക്കുള്ള രണ്ടാം സേനാമെഡലിന് അർഹനായി. മേജർ അതുൽ ജയിംസ്, ക്യാപ്റ്റൻ സ്നേഹാഷിഷ് പോൾ, എൻജിനീയറിംഗ് വിഭാഗത്തിലെ വിബിൻ സി, ശിവകുമാർ ജി എന്നിവരും മെഡലിന് അർഹരായി. കമ്മാന്റർ വിപിൻ പണിക്കറിന് ധീരതക്കുള്ള നാവികസേന മെഡൽ ലഭിക്കും. സ്ക്വാഡ്രൻ ലീഡർ ദീപക് മോഹനൻ വ്യോമസേന മെഡലിനും അർഹനായി.