മധ്യപ്രദേശിലെ രേവ ജില്ലയിൽ അധ്യാപകൻ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിൽ മനംനൊന്ത് 11-ാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. ശിക്ഷയുടെ മറവിൽ അധ്യാപകൻ മോശമായി പെരുമാറിയെന്ന് പെൺകുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

ഭോപ്പാൽ: മധ്യപ്രദേശിൽ അധ്യാപകൻ മർദ്ദിച്ചതിൽ മനംനൊന്ത് 11-ാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. മധ്യപ്രദേശിലെ രേവ ജില്ലയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. അധ്യാപകൻ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു കുറിപ്പ് എഴുതിയതായി പൊലീസ് വെള്ളിയാഴ്ച പറഞ്ഞു. നവംബർ 16നാണ് കുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) ആരതി സിംഗ് പറഞ്ഞു. അവരുടെ നോട്ട്ബുക്കിൽ നിന്ന് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

അധ്യാപകൻ അടിക്കുന്നതിനിടെ തന്റെ കൈ പിടിച്ചുവെന്നും അയാളുടെ അടച്ച മുഷ്ടി തുറക്കാൻ വെല്ലുവിളിച്ചുവെന്നും കുറിപ്പിൽ പറയുന്നു. ശിക്ഷയുടെ മറവിൽ അധ്യാപകൻ തന്റെ വിരലുകൾക്കിടയിൽ ഒരു പേനവെച്ച് അമർത്തിയെന്നും കുട്ടി പറയുന്നു. ബെഞ്ചിൽ ഇരിക്കുമ്പോൾ അധ്യാപകൻ അശ്രദ്ധമായി തന്റെ കൈ പിടിച്ചുവെന്നും കൈ എത്ര തണുത്തതാണെന്ന് തന്നോട് പറയാറുണ്ടെന്നും വിദ്യാർത്ഥിനി ആരോപിച്ചു. സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് എഎസ്പി സിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസം പത്താം ക്ലാസ് വിദ്യാർത്ഥി ദില്ലിയിലെ രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി മരിച്ചിരുന്നു. 16 വയസ്സുള്ള ആ കുട്ടി ആത്മഹത്യാക്കുറിപ്പിൽ ചില അധ്യാപകരുടെ പേരുകൾ എഴുതിവെച്ചിരുന്നു. മാനസികമായി പീഡിപ്പിക്കുകയും കുടുംബത്തോട് ക്ഷമ ചോദിക്കുകയും അവയവങ്ങൾ ദാനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തായിരുന്നു മരണം. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മറാത്തിയിൽ സംസാരിക്കാത്തതിനെത്തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ ചേർന്ന് 19 വയസ്സുള്ള വിദ്യാർത്ഥിയെ ആക്രമിച്ചതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതായി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. ഒന്നാം വർഷ സയൻസ് വിദ്യാർത്ഥിയായ അർണവ് ലക്ഷ്മൺ ഖൈരെ ചൊവ്വാഴ്ച വൈകുന്നേരം കല്യാൺ ഈസ്റ്റിലെ തന്റെ അപ്പാർട്ട്മെന്റിൽ മരിച്ചത്. ജയ്പൂരിലെ ഒരു സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി ഒമ്പത് വയസ്സുള്ള പെൺകുട്ടി ജീവനൊടുക്കിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)