Asianet News MalayalamAsianet News Malayalam

സദാചാര പൊലീസിന് തടയിടാൻ കർണാടക; പ്രത്യേക സേന രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി

ദക്ഷിണ കന്നട മേഖലയിലെ സദാചാര പോലീസ് നടപടികൾക്ക് തടയിടാനാണ് കർണാടക ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര  പ്രത്യേക പോലീസ് വിഭാഗത്തെ നിയോഗിച്ചത്. 

prevent moral policing special squad karnataka sts
Author
First Published Jun 6, 2023, 4:54 PM IST

കർണാടക: കർണാടകയിൽ സദാചാര പൊലീസിം​ഗ് തടയാൻ പ്രത്യേക പൊലീസ് വിഭാ​ഗം. മം​ഗളൂരു കമ്മീഷണർ കുൽദീപ് കുമാർ ജെയിനിന്റെ കീഴിലാണ് പ്രത്യേക വിഭാ​ഗം. കഴിഞ്ഞദിവസം മലയാളികൾ ഉൾപ്പെടെ  സദാചാര ആക്രമണത്തിന് വിധേയരായിരുന്നു. ദക്ഷിണ കന്നട മേഖലയിലെ സദാചാര പോലീസ് നടപടികൾക്ക് തടയിടാനാണ് കർണാടക ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര  പ്രത്യേക പോലീസ് വിഭാഗത്തെ നിയോഗിച്ചത്. 

പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തലപ്പാടി, ഉള്ളാൾ സ്വദേശികൾ ആണ് അറസ്റ്റിലായത്. എല്ലാവരും തീവ്രഹിന്ദുസംഘടനാ പ്രവർത്തകർ ആണെന്ന് പൊലീസ് പറഞ്ഞു. സദാചാര ആക്രമണത്തിനെതിരെ ഉള്ളാൾ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പെൺസുഹൃത്തുക്കൾക്കൊപ്പം സോമേശ്വര ബീച്ചിലെത്തിയതിന് മൂന്ന് ആൺകുട്ടികളെ ഒരു സംഘം തല്ലിച്ചതച്ചത്. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന സംഘം കടൽത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും പേർ ഇവരെ തടഞ്ഞത്. തുടർന്ന് അവർ മൂന്ന് ആൺകുട്ടികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ വാക്കുതർക്കമായി. ആൺകുട്ടികൾ മൂന്ന് പേരും മുസ്ലിം മതവിഭാ​ഗത്തിൽ നിന്നുള്ളവരും പെൺകുട്ടികൾ‌ ഹിന്ദു വിഭാ​ഗത്തിൽ നിന്നുള്ളവരുമായിരുന്നു.

കുട്ടികള്‍ക്ക് നേരെ ക്രൂരമായ മർദ്ദനമാണ് ഉണ്ടായതെന്ന്  മർദ്ദനമേറ്റ ഒരു ആണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. അക്രമികള്‍ കുട്ടികളെ കല്ല് കൊണ്ട് ഇടിച്ചു, ബെൽറ്റ് ഊരി അടിച്ചു, പെണ്‍കുട്ടികളെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. ബോധം നഷ്ടപ്പെടും വരെ യുവാക്കള്‍ കുട്ടികളെ മർദ്ദിച്ചുവെന്നും ബന്ധു പറയുന്നു. പരിക്കേറ്റ മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്. 

അക്രമി സംഘം  ബീച്ചിലെത്തിയ മൂന്ന് ആൺകുട്ടികളെയും പെണ്‍കുട്ടികളേയും ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ആണ്‍കുട്ടികളെയടക്കം സംഘം മർദ്ദിച്ചത്. തുടർന്ന്  അക്രമികൾ  ബീച്ചിൽ നിന്നും രക്ഷപ്പെട്ടു.  വ്യാഴാഴ്ച രാത്രി  7.20 ഓടെയായിരുന്നു സംഭവമെന്ന്  മം​ഗളൂരു പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios