ഇന്ധന വില വര്‍ധന, യുക്രെയന്‍ യുദ്ധം തുടങ്ങിയ വാദങ്ങളുന്നയിച്ച് പ്രതിരോധം തീര്‍ക്കാനാകും സര്‍ക്കാര്‍ ശ്രമം. ജി എസ് ടി നിരക്ക് വര്‍ധനയിലും വിശദീകരണം നല്‍കും

ദില്ലി: വിലക്കയറ്റത്തില്‍ ഇന്ന് ലോക് സഭയില്‍ ചര്‍ച്ച നടക്കും. വര്‍ഷകാല സമ്മേളനം തുടങ്ങിയത് മുതല്‍ പ്രതിപക്ഷ ആവശ്യം നിരന്തരം അവഗണിച്ച സര്‍ക്കാര്‍ ഒടുവില്‍ ചര്‍ച്ചക്ക് തയ്യാറാകുകയായിരുന്നു. ഇന്ധന വില വര്‍ധന, യുക്രെയന്‍ യുദ്ധം തുടങ്ങിയ വാദങ്ങളുന്നയിച്ച് പ്രതിരോധം തീര്‍ക്കാനാകും സര്‍ക്കാര്‍ ശ്രമം. ജി എസ് ടി നിരക്ക് വര്‍ധനയിലും വിശദീകരണം നല്‍കും.

കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മത പ്രകാരമാണ് നിരക്ക് കൂട്ടിയതെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ വാദം സംസ്ഥാനങ്ങള്‍ തള്ളിയിരുന്നു. സര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ലെങ്കില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചേക്കും. രാജ്യസഭയില്‍ നാളെയാകും ചര്‍ച്ച. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ ബഹുമാന പദങ്ങളുപയോഗിക്കാതെ പേര് വിളിച്ച സ്മൃതി ഇറാനി മാപ്പ് പറയണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉയര്‍ത്തും. ഇക്കാര്യം ഉന്നയിച്ച് ലോക് സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ്: 'രാഷ്ട്രപതിയെ പേര് മാത്രം വിളിച്ചത് രേഖകളില്‍ നിന്ന് നീക്കണം,മാപ്പ് പറയണം'

പ്രക്ഷുബ്ധം വർഷകാല സമ്മേളനം

കഴിഞ്ഞ പതിനെട്ടിന് തുടങ്ങിയ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഏറെക്കുറേ പ്രക്ഷുബ്ധമായിരുന്നു. ഒരു ദിവസം പോലും പൂര്‍ണ്ണമായി സഭ ചേരാന്‍ കഴി‍ഞ്ഞിരുന്നില്ല. വിലക്കയറ്റം, ജി എസ് ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിരന്തരമായി സഭാധ്യക്ഷന്മാര്‍ തള്ളിയതോടെ ഇരു സഭകളും പ്രതിഷേധത്തില്‍ മുങ്ങുകയായിരുന്നു. അച്ചടക്കം ലംഘനത്തിന്‍റെ പേരില്‍ ലോക്സഭയിലും രാജ്യസഭയിലുമായി 27 എം പിമാരെ സസ്പെന്‍ഡ് ചെയ്തതോടെ പ്രശ്നം സങ്കീർണമായി. രാജ്യസഭ എം പിമാരുടെ സസ്പെന്‍ഷന്‍ കാലാവധി കഴി‍ഞ്ഞെങ്കില്‍ ലോക് സഭ എം പിമാരായ ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി എന്നിവരെ ഈ സമ്മേളന കാലം മുഴുവനാണ് മാറ്റി നിര്‍ത്തിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പാര്‍ലമെന്‍റ് വീണ്ടും ചേരുമ്പോള്‍ വിലക്കയറ്റം, ജി എസ് ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങളിലെ കേന്ദ്രസര്‍ക്കാരിന്‍റെ ന്യായീകരണത്തിന് എന്താകും പ്രതിപക്ഷം നൽകുന്ന മറുപടിയെന്നത് കണ്ടറിയണം.

ആഗസ്റ്റ്13 മുതൽ15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം ,സമൂഹമാധ്യമങ്ങളിലെ മുഖചിത്രം ദേശീയപതാകയാക്കണം;മോദി

രാഷ്ട്രപതിക്കെതിരായ പ്രയോഗത്തിലും വിവാദം

കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി പരമാര്‍ശമാണ് കഴിഞ്ഞ ദിവസങ്ങളിൽ പാര്‍ലമെന്‍റില്‍ വലിയ വിവാദത്തിന് വഴിവച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസംഗവും, സോണിയാഗാന്ധിയും കോണ്‍ഗ്രസും മാപ്പ് പറയണമെന്ന ആവശ്യവും ഏറെ ചര്‍ച്ചയായിരുന്നു. അധിര്‍ രഞ്ജന്‍ ചൗധരി രേഖാ മൂലം രാഷ്ട്രപതിയോട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സ്മൃതി ഇറാനി നടത്തിയ പരാമര്‍ശങ്ങള്‍, ഭരണപക്ഷത്തിനെതിരെ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. ഇതിനുള്ള നീക്കം കോൺഗ്രസ് സജീവമാക്കിയിട്ടുണ്ട്. ബഹുമാന പദങ്ങളുപയോഗിക്കാതെ രാഷ്ട്രപതിയെ പേര് മാത്രം വിളിച്ച മന്ത്രി സ്മൃതി ഇറാനിയുടെ വാക്കുകള്‍ സഭാ രേഖയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ഒരാവശ്യം. അത് മാത്രം പോര മന്ത്രി മാപ്പും പറയണമെന്ന് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിട്ടുണ്ട്.