രാഷ്ട്രപത്നി വിവാദത്തില്‍  മന്ത്രി സ്മൃതി ഇറാനി നടത്തിയ പരാമര്‍ശങ്ങള്‍ ,  ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ കോണ്‍ഗ്രസിന്‍റെ നീക്കം

ദില്ലി; കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി പരമാര്‍ശം പാര്‍ലമെന്‍റില്‍ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസംഗവും, സോണിയാഗാന്ധിയും കോണ്‍ഗ്രസും മാപ്പ് പറയണമെന്ന ആവശ്യവും ഏറെ ചര്‍ച്ചയായിരുന്നു.അധിര്‍ രഞ്ജന്‍ ചൗധരി രേഖാ മൂലം രാഷ്ട്രപതിയോട് മാപ്പപേക്ഷിക്കുകയും ചെയ്തു.ഇപ്പോഴിതാ സ്മൃതി ഇറാനി നടത്തിയ പരാമര്‍ശങ്ങള്‍ , ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ കോണ്‍ഗ്രസ് നീക്കം സജീവമാക്കി.

ബഹുമാന പദങ്ങളുപയോഗിക്കാതെ രാഷ്ട്രപതിയെ പേര ്മാത്രം വിളിച്ച മന്ത്രി സ്മൃതി ഇറാനിയുടെ വാക്കുകള്‍ സഭാ രേഖയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ഒരാവശ്യം. അത് മാത്രം പോര മന്ത്രി മാപ്പും പറയണമെന്ന് ഇന്ന് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. സഭ തുടങ്ങിയ ഉടന്‍ രാഷ്ട്രപത്നി വിവാദം ചര്‍ച്ച ചെയ്യാന്‍ സ്മൃതി ഇറാനിക്ക് അവസരം നല്‍കിയതുപോലെ, ഗുജറാത്തിലെ ഗ്രാമ വികസനമന്ത്രി അര്‍ജുന്‍ സിംഗ് ചൗഹാന്‍ സ്ത്രീയെ തടവിലാക്കി ബലാത്സംഗം ചെയ്തെന്ന പരാതി ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുവദിച്ചിരുന്നെങ്കില്‍, മോദിജിയോട് മാപ്പ് ആവശ്യപ്പെടാമായിരുന്നുവെന്ന് തൃണമൂല്‍ എംപി മൊഹുവ മൊയ്ത്ര പരിഹസിച്ചു. 

വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ നാളെ പാര‍്‍ലമെന്‍റില്‍ ചര്‍ച്ച നടന്നേക്കും

 ജിഎസ്ടി നിരക്ക് വര്‍ധനയെ കേരളമടക്കം പിന്തുണച്ചിരുന്നെന്ന വാദം സംസ്ഥാനങ്ങള്‍ തള്ളിയതോടെ കേന്ദ്രം നാളെ എന്ത് വിശദീകരണം നല്‍കുമെന്നത് നിര്‍ണ്ണായകമാണ്.കഴിഞ്ഞ പതിനെട്ടിന് തുടങ്ങിയ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഒരു ദിവസം പോലും പൂര്‍ണ്ണമായി ചേരാന്‍ കഴി‍ഞ്ഞിരുന്നില്ല. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിരന്തരമായി സഭാധ്യക്ഷന്മാര്‍ തള്ളിയതോടെ ഇരു സഭകളും പ്രതിഷേധത്തില്‍ മുങ്ങുകയായിരുന്നു. അച്ചടക്കം ലംഘനത്തിന്‍റെ പേരില്‍ ലോക്സഭയിലും രാജ്യസഭയിലുമായി 27 എംപിമാരെ സസ്പെന്‍ഡ് ചെയ്തു. രാജ്യസഭ എംപിമാരുടെ സസ്പെന്‍ഷന്‍ കാലാവധി കഴി‍ഞ്ഞെങ്കില്‍ ലോക് സഭ എംപിമാരായ ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി എന്നിവരെ ഈ സമ്മേളന കാലം മുഴുവനാണ് മാറ്റി നിര്‍ത്തിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പാര്‍ലമെന്‍റ് നാളെ വീണ്ടും ചേരുമ്പോള്‍ വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങളിലെ കേന്ദ്രസര്‍ക്കാരിന്‍റെ ന്യായീകരണം പ്രതിപക്ഷം ഉള്‍ക്കൊള്ളുമോയെന്നാണ് കണ്ടറിയേണ്ടത്.