Asianet News MalayalamAsianet News Malayalam

Viral Video : 'സാറേ അവനെതിരെ കേസെടുക്കണം, പെന്‍‌സില്‍ തിരിച്ച് തന്നില്ല'; കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍

ക്ലാസിലെ ഒരു കുട്ടി തന്റെ പെൻസിൽ എടുത്തെന്നും അത് തിരിച്ച് തരുന്നില്ലെന്നുമുള്ള പരാതിയുമായാണ്  കുട്ടികള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനിലെത്തിയത്.

primary school students go to police station over pencil problem in andhra pradesh
Author
Andhra Pradesh, First Published Nov 26, 2021, 4:52 PM IST

ഹൈദരാബാദ്: കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ പെഡകടുബുരു പൊലീസ്( Andhra Pradesh Police) സ്റ്റേഷനിലേക്ക് ഒരു കൂട്ടം കുട്ടികളെത്തി, സഹപാഠിക്കെതിരെ പരാതിയുമായി. പരാതി കേട്ട് പൊലീസുകാരും അമ്പരന്നു.  ഒരു പെൻസിൽ കാണാതായ സംഭവത്തിൽ നീതി തേടിയാണ് കുരുന്നുകള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനിലേക്കെത്തിയത്. സഹപാഠിക്കെതിരെ പരാതിയുമായെത്തിയ കുട്ടികളെ ഒടുവില്‍ പൊലീസ് ഇടപെട്ട് പരിഹാരം കണ്ടെത്തി മടക്കി അയച്ചു.  പൊലീസ് സ്റ്റേഷനിലെത്തിയ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ(Primary School students) വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്(Viral video).

ക്ലാസിലെ ഒരു കുട്ടി തന്റെ പെൻസിൽ എടുത്തെന്നും അത് തിരിച്ച് തരുന്നില്ലെന്നുമുള്ള പരാതിയുമായാണ്  കുട്ടികള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനിലെത്തിയത്. തന്‍റെ പെന്‍സിലെടുത്ത സഹപാഠിയോട് അത് തിരികെ തരാന്‍ പലതവണ ആവശ്യപ്പെട്ടു, എന്നാല്‍  പലതവണ  ചോദിച്ചിട്ടും അവൻ തന്നില്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പെന്‍സില്‍ കിട്ടാതായതോടെ കൂട്ടുകാരെയും കൂട്ടി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി  പരാതിപ്പെടുകയായിരുന്നു. സ്കൂൾ കുട്ടികൾ കൂട്ടമായി സ്റ്റേഷനിലേക്ക് വരുന്നത് കണ്ട് എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും അമ്പരന്നു.  

ഒടുവില്‍ വിവരമറിഞ്ഞ പൊലീസ് കുട്ടികളെ അനുനയിപ്പിച്ചു. പരാതിക്കാരനെയും സഹപാഠിയേയും തമ്മിലിരുത്തി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടു. ഒടുവില്‍ ഇരുവരെയും കൊണ്ട് പരസ്പരം കൈ കൊടുപ്പിച്ചാണ് പൊലീസ് തിരിച്ചയച്ചത്. സംഭവത്തിന്‍റെ വീഡിയോ ആന്ധ്രാ പ്രദേശ് പൊലീസ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.   പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് പോലും ആന്ധ്രാ പൊലീസിനെ  വിശ്വസമാണെന്ന കുറിപ്പോടെയാണ്  ആന്ധ്രാ പൊലീസിന്റെ ഔദ്യോഗിക പേജിൽ വിഡിയോ പങ്കിട്ടിരിക്കുന്നത്.  ഇത് ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറാനും സേവനം നല്‍കുന്നതിനും പ്രചോദനമാണെന്നും ആന്ധ്രാ പൊലീസ് ട്വിറ്ററില്‍ കുറിച്ചു.

Follow Us:
Download App:
  • android
  • ios