കോക്ക് റോച്ച് ജനത പാര്‍ട്ടി സമരത്തിന് പിന്നാലെ യുവാക്കളിലേക്ക് കൂടുതല്‍ അടുക്കാന്‍ പ്രധാനമന്ത്രി. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവതയെന്ന പേരില്‍ ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു
ദില്ലി: കോക്ക് റോച്ച് ജനത പാര്‍ട്ടി സമരത്തിന് പിന്നാലെ യുവാക്കളിലേക്ക് കൂടുതല്‍ അടുക്കാന്‍ പ്രധാനമന്ത്രി. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവതയെന്ന പേരില്‍ ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു. ഇതിനിടെ ദില്ലി പൊലീസിനെതിരെ പ്രതിഷേധക്കാര്‍ നടത്തിയ ആക്രമണം പ്രതിപക്ഷത്തെ ചെറുക്കാന്‍ ഭരണപക്ഷം പാര്‍ലമെന്‍റില്‍ ഉന്നയിക്കും.
പാറ്റാ സമരത്തിലൂടെ യുവശക്തി തിരിച്ചറിഞ്ഞ് യുവാക്കളിലേക്ക് കൂടുതല്‍ അടുക്കാന്‍ പുതുവഴികള്‍ തേടുകയാണ് പ്രധാനമന്ത്രി. പുതിയ, പുതിയ ഉള്ളടക്കങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ഏറ്റവും സജീവമായ നേതാക്കളിലൊരാളായി മോദി മാറിയിരിക്കുന്നു. ലഹരിയുടെ വഴിയില്‍ സഞ്ചരിക്കുന്ന യുവതയെ നേര്‍വഴിക്ക് നടത്താനാണ് ലഹരി മുക്ത യുവത്വം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ശാരീരികവും മാനസികവുമായ ശക്തിക്ക് ലഹരി ഉപേക്ഷിക്കണമെന്ന് മോദി ഉപദേശിച്ചു. ചതിക്കുഴിയില്‍ പെട്ട യുവതയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് ദൗത്യമെന്നും ഒരു കോടി യുവാക്കളെ അണിനിരത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ മോദി വ്യക്തമാക്കി.
സിജെപി സമരത്തിനിടെ ചീത്തവാക്കുകള്‍ ഉപയോഗിച്ച യുവാക്കള്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഒടുവില്‍ നല്‍കിയ മോദിയുടെ സന്ദേശം സിജെപി നേതൃത്വത്തെ പ്രകോപിച്ചിരുന്നു. പൊലീസ് നടപടിയില്‍ മോദി മാപ്പ് പറയണമെന്നാവശ്യപ്പെടുമ്പോള്‍ താന്‍ മാപ്പ് നല്‍കുന്നുവെന്ന മോദിയുടെ വാക്കുകളെ പുച്ഛിച്ച് തള്ളുകയാണെന്നാണ് നേതൃത്വം പ്രതികരിച്ചിരുന്നു. അതേ സമയം ദില്ലി പൊലീസിനെതിരെ യുവാക്കള്‍ നടത്തിയ ആക്രമണം പാര്‍ലമെന്‍റില്‍ ചര്‍ച്ചയാക്കാന്‍ ഭരണപക്ഷം തീരുമാനിച്ചു. അമിത് ഷാ മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പുതിയ പോര്‍മുഖം തുറന്ന് പ്രതികരിക്കും. എഫ് സ് ആര്‍ എ ഭേദഗതി ബില്‍ വരുന്ന ആഴ്ച പാര്‍ലമെന്‍റിലെത്തിക്കുന്നതിന് മുന്നോടിയായി കാര്യോപദേശക സമിതി പരിശോധിക്കും.



