2117.85 കോടി രൂപയാണ് കേന്ദ്രം മുൻകൂട്ടി അനുവദിച്ചത്. അരുണാചൽ, അസം എന്നിവിടങ്ങളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രി തലസമിതിയെയും നിയോഗിച്ചു. എന്നാല്‍, പട്ടികയിൽ കേരളം ഇല്ല.

ദില്ലി: പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 2117.85 കോടി രൂപയാണ് കേന്ദ്രം മുൻകൂട്ടി അനുവദിച്ചത്. പ്രളയ, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് അനുവദിച്ച ധനസഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. അരുണാചൽ, അസം എന്നിവിടങ്ങളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രി തലസമിതിയെയും നിയോഗിച്ചു. എന്നാല്‍, പട്ടികയിൽ കേരളം ഇല്ല.

അതേസമയം, കഴിഞ്ഞ ദിവസം ഉണ്ടായ മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് സംസ്ഥാനം. മഴക്കെടുതി എട്ട് മരണം സ്ഥിരീകരിച്ചു. എട്ട് പേരെ കാണാതായി. 13 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ശക്തമായ കാറ്റിലും മഴയിലും 27 വീടുകൾ പൂർണ്ണമായും 196 വീടുകൾക്ക് ഭാഗികമായും തകർന്നു. സംസ്ഥാനത്താകെ 209 ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചു. പേമാരി ഏറ്റവും അധികം നാശം വിതച്ച പത്തനംതിട്ടയിൽ മാത്രം 1600 പേർ ദുരിതാശ്വാസ ക്യാമ്പിലാണ് ഇന്നലെ അന്തിയുറങ്ങിയത്. റാന്നിയിൽ ഉൾപ്പടെ വെള്ളം പതിയെ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ, ചെളിമൂടിക്കിടക്കുന്ന ഇടങ്ങൾ വൃത്തിയാക്കാനും നഷ്ടങ്ങൾക്ക് പരിഹാരം കാണാനും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നില്ല എന്ന വിമർശനം ശക്തമാവുകയാണ്.