ദില്ലി: ഫിറ്റ് ഇന്ത്യ മൂവ്മെന്‍റ് രാജ്യം ഏറ്റെടുക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ കായിക ദിനത്തില്‍ ഫിറ്റ് ഇന്ത്യ ക്യാമ്പയിൻ ദില്ലിയില്‍ ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

കായിക ക്ഷമതയുടെ കേരള മാതൃകയായ കളരിപ്പയറ്റടക്കം വേദിയില്‍ അവതരിപ്പിച്ചാണ് ഫിറ്റ് ഇന്ത്യ പ്രചാരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. ജീവിത ശൈലി രോഗങ്ങള്‍ കൂടി വരുന്നതില്‍ പ്രധാനമന്ത്രി ആശങ്കയറിയിച്ചു. മുപ്പതും നാല്‍പതും വയസുള്ളവര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിക്കുന്നു. ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ അലസത കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

'മുന്‍പ് ഒരാള്‍ എട്ടും പത്തും കിലോമീറ്റര്‍ നടക്കുകയും ,സൈക്കിള്‍ ചവിട്ടുകയുമൊക്കെ ചെയ്യുമായിരുന്നു. സാങ്കേതിക വിദ്യ വളര്‍ന്നതിനൊപ്പം ശാരീരിക്ഷമത കുറഞ്ഞു. നിങ്ങള്‍ അധികം നടക്കേണ്ടെന്നാണ് പുതിയ സാങ്കേതിക വിദ്യകള്‍ നമ്മെ ഉപദേശിക്കുന്നത്'- മോദി പറഞ്ഞു. 

യോഗ ദിനചര്യയുടെ ഭാഗമാക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. കഴിഞ്ഞ മന്‍കി ബാത്തിലാണ് ദേശീയ കായിക ദിനത്തില്‍ ഫിറ്റ് ഇന്ത്യ പ്രചാരണത്തിന് തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സ്വച്ഛ്ഭാരത് മിഷന്‍ പോലെ ഫിറ്റ്  ഇന്ത്യക്കും പ്രധാന്യം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി കായികമേഖലയിലടക്കം പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.