Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ ആരോഗ്യരംഗത്തിന്റെ വളർച്ച ദ്രുതഗതിയിൽ, വെല്ലുവിളികൾ നേരിടാൻ സജ്ജമെന്നും പ്രധാനമന്ത്രി

ലോകത്തിന് മെച്ചപ്പെട്ട ഭാവി അനിവാര്യമാണ്. പാവപ്പെട്ടവർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കൂടി വേണ്ടിയാകണം വികസന അജണ്ടകൾ രൂപപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Prime Minister narendra modi in India idea summit
Author
Delhi, First Published Jul 22, 2020, 9:18 PM IST

ദില്ലി: ഇന്ത്യയുടെ ആരോഗ്യരംഗത്തിന്റെ വളർച്ച ദ്രുതഗതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണ് ആരോഗ്യരംഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ ഐഡിയ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന് മെച്ചപ്പെട്ട ഭാവി അനിവാര്യമാണ്. നാമെല്ലാവരും ലോകത്തിന്റെ മെച്ചപ്പെട്ട ഭാവിക്ക് വേണ്ടി പരിശ്രമിക്കണം. വികസന അജണ്ടകൾ തയ്യാറാക്കുമ്പോൾ അതിന്റെ അടിസ്ഥാനം പാവപ്പെട്ടവരെയും, പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഉൾക്കൊള്ളുന്നതാവണം.

ലോകരാഷ്ട്രങ്ങൾ ഇന്ത്യയെ ഉറ്റുനോക്കുന്ന സാഹചര്യമാണ്. അവസരങ്ങളുടെ ഭൂമിയായി ഇന്ത്യ മാറുകയാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ നഗരങ്ങളിലെ ഇന്റർനെറ്റ് ഉപഭോക്താക്കളെക്കാൾ കൂടുതൽ പേർ ഗ്രാമങ്ങളിലായി. ആരോഗ്യ രംഗത്തും കാർഷിക-ഊർജ്ജ മേഖലകളിലും ഇന്ത്യയിൽ നിക്ഷേപത്തിന് അനുയോജ്യമായ നല്ല സമയമാണിത്.

ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ മേഖല 2025 ഓടെ അരലക്ഷം കോടി ഡോളറിന്റേതാവും. ആരോഗ്യമേഖല ഓരോ വർഷവും 22 ശതമാനം വളർച്ച നേടുന്നുണ്ട്. മരുന്നുൽപ്പാദന രംഗത്ത് അമേരിക്കയുമായി ഇന്ത്യ മികച്ച സൗഹൃദം സൃഷ്ടിച്ചു. ഇന്ത്യയിലെ ഊർജ്ജ രംഗത്ത് അമേരിക്കൻ കമ്പനികൾ വലിയ നിക്ഷേപം നടത്തും. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുൻപെങ്ങുമില്ലാത്ത നിക്ഷേപമാണ് നടക്കുന്നത്. 

ഓരോ വർഷവും വിദേശ നിക്ഷേപത്തിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് നേടുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ 74 ബില്യൺ ഡോളറിന്റേതായിരുന്നു ഇന്ത്യയിലെ വിദേശനിക്ഷേപം. ഈ മഹാമാരിക്കിടയിലും  20 ബില്യൺ ഡോളറിൻ്റെ വിദേശ നിക്ഷേപം ഉറപ്പിക്കാനായി. ആഗോള സാമ്പത്തിക രംഗത്തിന് ശക്തിപകരേണ്ടതുണ്ട്. ഇന്ത്യയുടെ മുന്നേറ്റമെന്നാൽ വിശ്വസിക്കാവുന്ന ഒരു രാജ്യത്തിൽ നിക്ഷേപം നടത്താൻ അവസരം എന്ന് കൂടിയാണ് അർത്ഥം. ഇന്ത്യയിൽ നിക്ഷേപിക്കാൻ ഇതിലും മികച്ചൊരു അവസരം ഉണ്ടാവില്ലെന്നും മോദി അമേരിക്കൻ നിക്ഷേപകരോടായി പറഞ്ഞു.

Follow Us:
Download App:
  • android
  • ios