ദില്ലി: അന്തരിച്ച കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന് അനുശോചനമര്‍പ്പിച്ച് രാഷ്ട്രീയ നേതാക്കള്‍. പസ്വാന്‍റെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സുഹൃത്തിനെയും വിലപ്പെട്ട സഹപ്രവർത്തകനെയും ഓരോ ദരിദ്രനും അന്തസ്സോടെ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അതിയായ അഭിനിവേശമുള്ള ഒരാളെയുമാണ് നഷ്ടപ്പെട്ടതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്ര തന്ത്രത്തിലും ഭരണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും മിടുക്കനായിരുന്നു പസ്വാന്‍. പാസ്വാൻജിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് അവിശ്വസനീയമായ അനുഭവമാണ്. മന്ത്രിസഭാ യോഗങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ ഉൾക്കാഴ്ചയുള്ളതായിരുന്നു. രാഷ്‌ട്രീയ വിവേകം, രാഷ്ട്രതന്ത്രം മുതൽ ഭരണ പ്രശ്‌നങ്ങളിലെ ഇടപെടലില്‍ വരെ   മിടുക്കനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ നിര്യാണത്തിലൂടെ രാജ്യത്തിന് ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പാർലമെന്റിലെ ഏറ്റവും സജീവവമായി ദീർഘകാലം പ്രവർത്തിച്ച അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായിരുന്നു പസ്വാനെന്നും രാഷ്ട്പതി ട്വിറ്ററില്‍ കുറിച്ചു.
 
രാംവിലാസ് പസ്വാന്‍റെ വിയോഗത്തിലൂടെ കാജ്യത്തെ ദളിതര്‍ക്ക് അവരുടെ രാഷ്ട്രീയശബ്ദമാണ് ഇല്ലാതായതെന്ന് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.  പാസ്വാൻജിയുടെ അകാല നിര്യാണത്തെക്കുറിച്ചുള്ള വാർത്ത സങ്കടകരമാണ്. ദരിദ്ര-ദലിത് വർഗത്തിന് ഇന്ന്  അവരുടെ ശക്തമായ രാഷ്ട്രീയ ശബ്ദം നഷ്ടപ്പെട്ടു- രാഹുല്‍ അനുശോചിച്ചു.

പാസ്വാൻ ജിയുടെ നിര്യാണത്തിൽ കടുത്ത വേദനയുണ്ടെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. അവസാന ശ്വാസം വരെ ജനങ്ങളെയും രാജ്യത്തെയും സേവിച്ച ഏവര്‍ക്കും മാതൃകയായ നേതാവായിരുന്നു അദ്ദേഹം. മികച്ച പാർലമെന്റേറിയനായിരുന്നു അദ്ദേഹം, പാർശ്വവത്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനായി പസ്വാന്‍ എപ്പോഴും പരിശ്രമിച്ചു- ഉപരാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. പസ്വാന്‍റെ വിയോഗത്തില്‍ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളും അനുശോചനം രേഖപ്പെടുത്തി.