"എന്റെ മുതിർന്ന സഹോദരന്, ഭൂട്ടാനിലേക്ക് സ്വാഗതം" എന്നാണ് ഷെറിംങ് ടോബ്‌ഗേ മോദിക്ക് സ്വാഗതമോതി  ഹിന്ദിയിൽ കുറിച്ചത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിന് തുടക്കമായി. നേരത്തെ മോശം കാലാവസ്ഥ മൂലം മാറ്റിവെച്ച സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ മോദിയെ സ്വീകരിച്ചു. 

"എന്റെ മുതിർന്ന സഹോദരന്, ഭൂട്ടാനിലേക്ക് സ്വാഗതം" എന്നാണ് ഷെറിംങ് ടോബ്‌ഗേ മോദിക്ക് സ്വാഗതമോതി ഹിന്ദിയിൽ കുറിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് നിരവധി ബോർഡുകളും പോസ്റ്ററുകളും പാരോ മുതൽ തിമ്പു വരെയുള്ള റോഡരികിൽ ഉടനീളം സ്ഥാപിച്ചിരുന്നു. ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രിയെ വഴിയരികിൽ നിന്ന് അഭിവാദ്യം ചെയ്തു. നേരത്തെ ഭൂട്ടാനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് നരന്ദ്രമോദി വിമാനത്തിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

Scroll to load tweet…

രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കും ഭൂട്ടാന്റെ നാലാമത്തെ രാജാവ് ജിഗ്മേ സിങ്യേ വാങ്ചുക്കും ഉള്‍പ്പെടുന്ന സദസ്സിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യയുടെ സഹായത്തോടെ തിമ്പുവിൽ സ്ഥാപിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒരാഴ്ച മുമ്പാണ് ഭൂട്ടാൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചത്. രാജ്യത്തെ അഞ്ചു വ‍ർഷത്തെ വികസന പദ്ധതികൾക്കായി 5000 കോടിയുടെ സഹായം നൽകിയ ഇന്ത്യയുടെ നടപടിക്ക് ഭൂട്ടാൻ പ്രധാനമന്ത്രി നന്ദി അറിയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം