Asianet News MalayalamAsianet News Malayalam

PM Modi| പ്രധാനമന്ത്രി വീണ്ടും കേദാർനാഥിലേക്ക്; ഉത്തരാഖണ്ഡിനായി 130 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമിടും

പതിവ് മുടക്കാതെ പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനായി ഇന്ന് ജമ്മു കാശ്മീരിലെത്തി. ജൗറിയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നിലയുറപ്പിച്ച സായുധ സേനാംഗങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു

Prime Minister Narendra Modi visit Kedarnath  Uttarakhand on 5th November
Author
Dehradun, First Published Nov 4, 2021, 9:38 PM IST

ഡെറാഡൂണ്‍: പ്രധാനമന്ത്രി(Prime Minister) നരേന്ദ്ര മോദി(Narendra Modi) നാളെ ഉത്തരഖണ്ഡ്(Uttarakhand) സന്ദര്‍ശിക്കും. രാവിലെ എട്ട് മണിക്ക് കേദാർനാഥ് ക്ഷേത്രത്തിൽ(Kedarnath Temple) പ്രധാനമന്ത്രി പ്രാർഥന നടത്തും. രാവിലെ 8.35ന് ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി ഉത്തരാഖണ്ഡിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന ഉത്തരാഖണ്ഡിലെ നിർമാണ പ്രവർത്തനങ്ങൾ  പ്രധാനമന്ത്രി വിലയിരുത്തും.

അതേസമയം പതിവ് മുടക്കാതെ പ്രധാനമന്ത്രി ദീപാവലി ദിനത്തില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനായി ഇന്ന് ജമ്മു കാശ്മീരിലെത്തി. ജൗറിയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നിലയുറപ്പിച്ചസായുധ സേനാംഗങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു. ബ്രിഗേഡിയര്‍ ഉസ്മാന്‍, നായിക് ജദുനാഥ് സിംഗ്, ലഫ്റ്റനന്റ് ആര്‍ ആര്‍ റാണെ എന്നീ ധീരസൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. '130 കോടി ഇന്ത്യക്കാരുടെ ആശംസകളുമായാണ് ഞാന്‍ നിങ്ങളെ കാണാനെത്തിയിരിക്കുന്നതെന്ന് മോദി സൈനികരോട് പറഞ്ഞു.

'നവീന സാങ്കേതികവിദ്യകളും അടിസ്ഥാനസൗകര്യങ്ങളും ഉപയോഗിച്ച് അതിര്‍ത്തിപ്രദേശങ്ങളായ ലഡാക്കില്‍ നിന്ന് അരുണാചല്‍ പ്രദേശ് വരെയും ജയ്സാല്‍മര്‍ മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ വരെയും സമ്പര്‍ക്കം സൃഷ്ടിച്ചത് സൈനികര്‍ക്ക് ഇതുവരെയുണ്ടാകാത്തവിധത്തിലുള്ള സൗകര്യങ്ങളും അടിസ്ഥാനവികസനവും പ്രാപ്തമാക്കി. 'രാജ്യത്തിന്റെ പ്രതിരോധത്തില്‍ വനിതകളുടെ കൂടുതല്‍ പങ്കാളിത്തം പുതിയ ഉയരങ്ങള്‍ തൊടുകയാണ്. 'ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സായുധ സേന അവര്‍ക്കൊപ്പം തന്നെ പ്രൊഫഷണലാകുമ്പോഴും അതിന്റെ മാനുഷിക മൂല്യങ്ങള്‍ അതിനെ വൈവിധ്യമുള്ളതും അനിതര സാധാരണവുമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

Read More: ഹിമാലയ യാത്ര, ഗുഹയിൽ ധ്യാനം.. വോട്ടെണ്ണലിന് 4 ദിവസം ബാക്കി നിൽക്കെ മോദി തീർത്ഥയാത്രയിൽ

'ഞങ്ങള്‍ രാജ്യം എന്നതിനെ ഗവണ്‍മെന്റ്, അധികാരം അല്ലെങ്കില്‍ സാമ്രാജ്യം എന്നിവയായി കണക്കാക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ജീവനുള്ളതും ആത്മാവുമാണ്. അതിനെ പ്രതിരോധിക്കുന്നത് ഭൂമിശാസ്ത്രപരമായ അതിരുകള്‍ സംരക്ഷിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ദേശീയ പ്രതിരോധം എന്നാല്‍ ദേശീയ കരുത്ത്, ദേശീയ ഐക്യം, ദേശീയ സംയോജനം എന്നിവയെ സംരക്ഷിക്കുക എന്നാണ്- മോദി പറഞ്ഞു. 

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുക എന്നത് തന്നെ സംബന്ധിച്ച് കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതു പോലെയാണെന്ന് സൈനികരെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. ഇക്കാരണത്താലാണ് അധികാര സ്ഥാനത്തെത്തിയ ശേഷം എല്ലാ വര്‍ഷവും അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാറുള്ളത്. താന്‍ തനിച്ചല്ല വന്നതെന്നും 130 കോടി ജനങ്ങളുടെ ആശംസകള്‍ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ധീരസൈനികര്‍ക്ക് ഐക്യദാര്‍ഢ്യമെന്ന നിലയില്‍ ദീപാവലി ദിവസം വൈകിട്ട് എല്ലാവരും 'ദിവ്യ' ദീപം തെളിയിക്കുമെന്നും രാജ്യത്തിന് സുരക്ഷയായി നിലകൊള്ളുന്നവരാണ് സൈനികരെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ ധീര സന്തതികളായി രാജ്യത്തെ സേവിക്കുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ബഹുമതിയല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നൗഷെറയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ദീപാവലി, ഗോവര്‍ദ്ധന്‍ പൂജ, ഭയ്യ ദൂജ്ചാത്ത് ആശംസകള്‍ നേര്‍ന്നു. ഗുജറാത്തിലെ ജനങ്ങള്‍ക്ക് അദ്ദേഹം  പുതുവല്‍സരാശംസകളും നേര്‍ന്നു. നൗഷെറയുടെ ചരിത്രം ഇന്ത്യയുടെ ധീരത ആഘോഷിക്കുന്നതായി പറഞ്ഞ നരേന്ദ്ര മോദി സൈനികരുടെ ധീരതയേയും ദൃഢനിശ്ചയത്തേയും പ്രശംസിച്ചു. നൗഷെറയില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്ത ബ്രിഗേഡിയര്‍ ഉസ്മാന്‍, നായിക് ജദുനാഥ് എന്നിവര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ധീരതയ്ക്കും ദേശസ്നേഹത്തിനും സമാനതകളില്ലാത്ത മാതൃകയാണ് ലഫ്റ്റനന്റ് ആര്‍ ആര്‍ റാണെയും മറ്റ് സൈനികരും സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സായുധ സേനയ്ക്ക് പിന്തുണ നല്‍കിയ ബാല്‍ദേവ് സിംഗ്, ബസന്ത് സിംഗ് എന്നിവരുടെ അനുഗ്രഹം തേടുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച പ്രധാനമന്ത്രി സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ധീര സൈനികര്‍ സുരക്ഷിതരായി മടങ്ങി വന്നപ്പോഴുണ്ടായ നിമിഷം   ഓര്‍ത്തെടുത്തു.

Read More: ക്യാമറാകണ്ണുകളെ മടക്കി അയച്ചു; 12200 അടി മുകളില്‍ രുദ്ര ഗുഹയില്‍ ഏകാകിയായി നാളെ രാവിലെവരെ മോദിയുടെ ധ്യാനം

രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ''ഇന്നത്തെ ഇന്ത്യ, സ്വാതന്ത്ര്യത്തിന്റെ 'അമൃത കാലത്തില്‍' രാജ്യത്തിന്റെ ശേഷിയേയും വിഭവങ്ങളേയും കുറിച്ചു ജാഗ്രത പുലര്‍ത്തുന്നു''വെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുന്‍ കാലങ്ങളില്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇന്ന് രാജ്യം സൈനിക രംഗത്തും സ്വയംപര്യാപ്തമായിരിക്കുന്നു. പ്രതിരോധ ബജറ്റിലെ 65 ശതമാനവും രാജ്യത്തിനുള്ളില്‍ തന്നെ ഉപയോഗിക്കുന്നു. 200 തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടിക സമീപഭാവിയില്‍ തന്നെ വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പഴയ ഓര്‍ഡനന്‍സ് ഫാക്ടറികളുടെ സ്ഥാനത്ത് വിജയദശമി ദിനത്തില്‍ ഏഴ് പുതിയ പ്രതിരോധ കമ്പനികള്‍ ഉദ്ഘാടനം ചെയ്ത കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ കമ്പനികള്‍ ഇപ്പോള്‍ പ്രത്യേക ഉപകരണങ്ങളും സ്ഫോടക വസ്തുക്കളും നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read More: PM Modi | പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം കശ്മീരിലെ സൈനികർക്കൊപ്പം

ഇന്ത്യന്‍ സൈനികശക്തി കാലാനുസൃതമായി വിപുലീകരിക്കേണ്ടതും മാറേണ്ടതുമാണെന്ന കാര്യം ശ്രീ നരേന്ദ്ര മോദി ആവര്‍ത്തിച്ച് വ്യക്തമാക്കി. അതിവേഗത്തില്‍ മാറുന്ന സാങ്കേതിക വിദ്യ പുതിയ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നതിനാല്‍ സൈനിക നേതൃത്വത്തില്‍ സഹകരിച്ചുള്ള പ്രവര്‍ത്തനം നിര്‍ണായകമാണ്. സിഡിഎസുകളും സൈനികകാര്യ വകുപ്പും ഈ മേഖലയിലുള്ള പ്രവര്‍ത്തനത്തിലാണ്. അതിര്‍ത്തിയിലെ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ സൈനിക ശക്തി വര്‍ദ്ധിപ്പിക്കും. നവീന സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് അതിര്‍ത്തി പ്രദേശങ്ങളായ ലഡാക്കില്‍ നിന്ന് അരുണാചല്‍ പ്രദേശ് വരെയും ജയ്‌സാല്‍മര്‍ മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ വരെ സമ്പര്‍ക്കം സൃഷ്ടിച്ചത് സൈനികര്‍ക്ക് ഇതുവരെയുണ്ടാകാത്ത വിധത്തിലുള്ള സൗകര്യങ്ങളും അടിസ്ഥാന വികസനവും പ്രാപ്തമാക്കിയതായി അദ്ദേഹം വ്യക്തമാക്കി.

സൈന്യത്തിലെ വനിതകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് പുതിയ നേട്ടങ്ങള്‍ക്ക് വഴി വയ്ക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി അക്കാര്യത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. വ്യോമ-നാവിക സേനകളുടെ മുന്‍നിരകളില്‍ സ്ഥാനമുറപ്പിച്ച ശേഷം വനിതകള്‍ ഇപ്പോള്‍ കരസേനയിലും തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. പെര്‍മനന്റ് കമ്മീഷന്‍ ആരംഭിച്ചതിനൊപ്പം എന്‍ഡിഎ, ദേശീയ സൈനിക സ്‌കൂള്‍, നാഷണല്‍ ഇന്ത്യന്‍ മിലിറ്ററി കോളേജ് ഫോര്‍ വിമന്‍ എന്നിവ കൂടാതെ പെണ്‍കുട്ടികള്‍ക്കായി സൈനിക് സ്‌കൂള്‍ ആരംഭിക്കുമെന്ന തന്റെ സ്വാതന്ത്ര്യദിന പ്രഖ്യാപനവും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

അതിരുകള്‍ക്കതീതമായ കഴിവുകള്‍ മാത്രമല്ല, അചഞ്ചലമായ സേവന മനോഭാവവും ശക്തമായ നിശ്ചയദാര്‍ഢ്യവും സമാനതകളില്ലാത്ത സംവേദനക്ഷമതയും സായുധ സേനയില്‍ കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ലോകത്തിലെ സായുധസേനകളിലെ മികച്ച ഒന്നായി ഇന്ത്യയുടെ സായുധസൈന്യത്തെ മാറ്റുന്നു. ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സായുധ സേന അവര്‍ക്കൊപ്പം തന്നെ പ്രൊഫഷണലാകുമ്പോഴും അതിന്റെ മാനുഷിക മൂല്യങ്ങള്‍ അതിനെ വൈവിധ്യമുള്ളതും അനിതര സാധാരണവുമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''നിങ്ങള്‍ക്ക് ഇത് ശമ്പളത്തിനായുള്ള ജോലി മാത്രമല്ല, നിങ്ങള്‍ക്ക് ഇത് ഒരു ഉള്‍വിളിയും ആരാധനയുമാണ്, 130 കോടി ജനങ്ങളുടെ ചേതനയെ നയിക്കുന്ന ഒരു ആരാധനയാണ്.

''സാമ്രാജ്യങ്ങള്‍ വരുന്നു, പോകുന്നു. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ശാശ്വതമായിരുന്നു. ഇന്നും അങ്ങനെ തന്നെ തുടരുന്നു, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷവും ശാശ്വതമായി നിലനില്‍ക്കും. ഞങ്ങള്‍ രാജ്യം എന്നതിനെ ഗവണ്‍മെന്റ്, അധികാരം അല്ലെങ്കില്‍ സാമ്രാജ്യം എന്നിവയായി കണക്കാക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ജീവനുള്ളതും ആത്മാവുമാണ്. അതിനെ പ്രതിരോധിക്കുന്നത് ഭൂമിശാസ്ത്രപരമായ അതിരുകള്‍ സംരക്ഷിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ദേശീയ പ്രതിരോധം എന്നാല്‍ ദേശീയ കരുത്ത്, ദേശീയ ഐക്യം, ദേശീയ സംയോജനം എന്നിവയെ സംരക്ഷിക്കുക എന്നാണ്.''- പ്രധാനമന്ത്രി പറഞ്ഞു.

''ആകാശത്തെ സ്പര്‍ശിക്കുന്ന വീര്യത്താല്‍ നമ്മുടെ സായുധ സേനകള്‍ അനുഗൃഹീതമാണെങ്കില്‍, അവരുടെ ഹൃദയങ്ങള്‍ കാരുണ്യത്തിന്റെ സമുദ്രമാണ്. അതുകൊണ്ടാണ് നമ്മുടെ സായുധ സേന അതിര്‍ത്തികള്‍ സംരക്ഷണത്തില്‍ മാത്രമല്ല, ദുരന്തങ്ങളിലും പ്രകൃതിദുരന്തങ്ങളിലും എപ്പോഴും സഹായിക്കാന്‍ സജ്ജരാകുന്നത്. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ ശക്തമായ വിശ്വാസമായി അതുവളര്‍ന്നു. നിങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന വികാരത്തിന്റെയും സംരക്ഷകരാണ്. നിങ്ങളുടെ ധീരതയുടെ പ്രചോദനം ഉള്‍ക്കൊണ്ട് നാം ഇന്ത്യയെ വളര്‍ച്ചയുടെയും പുരോഗതിയുടെയും പരകോടിയിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.''- പ്രധാനമന്ത്രി പറഞ്ഞു നിര്‍ത്തി.

Follow Us:
Download App:
  • android
  • ios