Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതിക്ക് ശേഷം നരേന്ദ്രമോദി ആദ്യമായി അസമിലേക്ക്; പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

ജനുവരിയില്‍ ഗുവാഹത്തിയില്‍ നടന്ന ഖെലോ ഇന്ത്യ ഉദ്ഘാടനം ചെയ്യാന്‍ മോദി എത്തുമെന്നും പറഞ്ഞിരുന്നെങ്കിലും പ്രതിഷേധ ഭയത്തെ തുടര്‍ന്ന് യാത്ര റദ്ദാക്കിയിരുന്നു.

Prime Minister Narendra Modi will visit Asam on Friday after CAA
Author
New Delhi, First Published Feb 3, 2020, 5:17 PM IST

ദില്ലി: പൗരത്വ നിയമ ഭേദഗതിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി അസമിലേക്ക്. വെള്ളിയാഴ്ചയാണ് മോദി അസം സന്ദര്‍ശിക്കുന്നത്. നേരത്തെ  ജനുവരിയില്‍ ഗുവാഹത്തിയില്‍ നടന്ന ഖെലോ ഇന്ത്യ ഉദ്ഘാടനം ചെയ്യാന്‍ മോദി എത്തുമെന്നും പറഞ്ഞിരുന്നെങ്കിലും പ്രതിഷേധ ഭയത്തെ തുടര്‍ന്ന് യാത്ര റദ്ദാക്കിയിരുന്നു. പിന്നാലെ അമിത് ഷായും അസം യാത്ര റദ്ദാക്കി. അതേസമയം, സിഎഎ വിരുദ്ധ സമരം അസമില്‍ ഇപ്പോഴും പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ല.

പ്രധാനമന്ത്രി അസമിലെത്തിയാല്‍ പ്രതിഷേധിക്കുമെന്ന് അസമിലെ വിദ്യാര്‍ത്ഥി സംഘടനയായ ആള്‍ അസം സ്റ്റുഡന്‍റ് യൂണിയന്‍(എഎഎസ്‍യു) വ്യക്തമാക്കി. നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍റ് യൂണിയനും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സി ആബെയുടെ സന്ദര്‍ശനവും സിഎഎ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി വൈകാതെ അസമിലെത്തുമെന്ന് വിദേശ കാര്യ മന്ത്രാലയും വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് അസമില്‍ നടന്നത്. പലപ്പോഴും മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളിന് വരെ പുറത്തിറങ്ങാനായില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയൊരുക്കും. പ്രതിഷേധിക്കുമെന്ന് സിഎഎക്കെതിരെ സമരം ചെയ്യുന്ന സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന സഖ്യകക്ഷിയാണ് അസം ഭരിക്കുന്നത്.

Follow Us:
Download App:
  • android
  • ios