പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സഭാ യോഗത്തിന്‍റേതാണ് തീരുമാനം

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ സൗജന്യ ഭക്ഷ്യ ധാന്യ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന (Garib Kalyan Yojana) ആറ് മാസത്തേക്ക് കൂടി നീട്ടി. 2020 മാര്‍ച്ചിലാണ് പദ്ധതി നിലവില്‍ വന്നത്. ഈ മാസം 31 ന് പദ്ധതി കാലാവധി തീരാനിരിക്കെയാണ് സെപ്റ്റംബര്‍ വരെ നീട്ടിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സഭാ യോഗത്തിന്‍റേതാണ് തീരുമാനം. രാജ്യത്ത് എണ്‍പത് കോടിയിലേറെ പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക്.

Scroll to load tweet…


ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം;പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതിയില്ല

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുടെ ഇന്ത്യ സന്ദർശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ല. നരേന്ദ്ര മോദിയുടെ ഉത്തർപ്രദേശ് യാത്ര ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. അതേസമയം, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈന സന്ദർശനം ഉഭയകക്ഷി ചർച്ചയിലെ ധാരണയോടുള്ള പ്രതികരണം നോക്കി മാത്രമായിരിക്കുമെന്ന് ഇന്ത്യ അറിയിച്ചു. ലഡാക്ക് അതിർത്തിയിലെ ഇന്ത്യ- ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഒരു ഉന്നത നയതന്ത്രപ്രതിനിധി ഇന്ത്യയിൽ എത്തിയത്. ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നതായി യാതൊരു സൂചനയും കേന്ദ്ര സർക്കാരിൽ നിന്നുണ്ടായിരുന്നില്ല. വാങ് യീ ദില്ലിയിൽ വിമാനമിറങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷമാണ് ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരണം നൽകിയത്. അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞാണ് വാങ് യീ നേരെ ദില്ലിയിൽ എത്തിയത് എന്നാണ് വിവരം. 

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യി ഇന്നലെ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും വിദേശ കാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്ന് യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ കശ്മീര്‍ പരാമര്‍ശത്തില്‍ അതൃപ്തിയറിയിച്ച ഇന്ത്യ, ചൈനയുടെ താല്‍പര്യപ്രകാരമാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശനം പരസ്യപ്പെടുത്താതിരുന്നതെന്നും വ്യക്തമാക്കി. ഇന്ത്യ-ചൈന ബന്ധം ഇപ്പോഴും സാധാരണ നിലയിലെത്തിയിട്ടില്ലെന്ന് കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൂണ്ടിക്കാട്ടി. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണം. പാംഗോഗ്, ഗോഗ്ര, ഹോട്ട്സ്പ്രിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ചൈനയുടെ പിന്മാറ്റത്തിന് ഇന്ത്യ ഉദ്ദേശിച്ച വേഗതയില്ല. നേരത്തെ നടന്ന നയതന്ത്ര സൈനിക തല ചര്‍ച്ചകളിലെ ധാരണ ലംഘിച്ചതിലുള്ള അതൃപ്തിയും കൂടിക്കാഴ്ചയില്‍ ഇന്ത്യ അറിയിച്ചു. ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.