ദില്ലി: നിര്‍ഭയ കേസില്‍ നീതി നടപ്പാക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പ്രതികളെ ഇന്ന് പുലര്‍ച്ചെ തൂക്കിലേറ്റിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ സന്തോഷം പങ്കുവെച്ചത്. സ്‍ത്രീകളുടെ അഭിമാനവും സുരക്ഷയുമാണ് ഏറ്റവും പ്രധാനമെന്നും മോദി കുറിച്ചു. എല്ലാ മേഖലയിലും സ്ത്രീശക്തി വര്‍ധിച്ചതായും  സ്ത്രീ ശാക്തീകരണത്തില്‍ അധിഷ്ഠിതമായ ഒരു രാജ്യം നമുക്ക് ഒന്നിച്ച് നിര്‍മ്മിക്കാമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഒരുപകലും  രാത്രിയും നീണ്ടു നിന്ന നാടകീയ  കോടതി നടപടികൾക്ക് ശേഷമാണാണ് നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. അര്‍ധരാത്രിയില്‍ ദില്ലി ഹൈക്കോടതിയിലും പിന്നീട് പുലര്‍ച്ചെ മൂന്നര വരെ സുപ്രീംകോടതിയിലും നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ തടയണം എന്നാവശ്യപ്പെട്ടുള്ള വാദം നടന്നിരുന്നു. വധശിക്ഷ മാറ്റിവച്ചേക്കുമോ എന്ന ആകാംക്ഷയ്ക്ക് ഒടുവിലാണ് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികളുടെ അഭിഭാഷകനായ എപി സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയത്.  കൃത്യം 5.30-ന് നാല് പ്രതികളുടേയും വധശിക്ഷ നടപ്പായി. 5.31-ന് ഇക്കാര്യം ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പിന്നാലെ തീഹാര്‍ ജയിലിന് മുന്നില്‍ ആഹ്ളാദാരവങ്ങള്‍ മുഴങ്ങുകയായിരുന്നു.