പൂണെ: സ്ത്രീകളുടെ വിശ്വാസം ആർജ്ജിക്കാൻ പൊലീസിന് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന ഡിജിപിമാർക്കാണ് മോദി നിർദ്ദേശം നല്‍കിയത്. ഡിജിപിമാരുടെ യോഗത്തിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ത്രീകൾക്കെതിരെയുള്ള അക്രമം സൂചിപ്പിച്ച് നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്‍റെയും വിശ്വാസം ആർജ്ജിക്കാൻ പൊലീസിന് കഴിയണം. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും വിശ്വാസം ആർജ്ജിക്കണമെന്ന് മോദി നിർദ്ദേശിച്ചു.

സുരക്ഷിതയെന്ന ബോധം സ്ത്രീകളിലുണ്ടാവാൻ ഫലപ്രദമായ പൊലീസ് സംവിധാനം അനിവാര്യമാണെന്നും മോദി പറഞ്ഞു. എന്നാല്‍ ഹൈദരാബാദില്‍ ഉൾപ്പടെ അടുത്തിടെ നടന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ നേരിട്ടൊരു പ്രതികരണം മോദി നടത്തിയില്ല. അതേസമയം പാർലമെന്‍റ് നാളെ വൻപ്രതിഷേധത്തിന് സാക്ഷ്യം വഹിക്കും. ഉന്നാവ്, ത്രിപുര സംഭവങ്ങളിൽ അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് ഇരുസഭകളിലും നോട്ടീസ് നല്‍കാന്‍ വൈകിട്ട് ചേർന്ന കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. രാവിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിക്കും.  തൻറെ ജന്മദിനം ആഘോഷിക്കരുതെന്ന് സോണിയ ഗാന്ധി കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.