Asianet News MalayalamAsianet News Malayalam

ഖത്തറിൽ മോചനം കാത്ത് ഇന്ത്യൻ മുൻ നാവികർ; വധശിക്ഷയിൽ ഇളവിനായി ശ്രമം ആരംഭിച്ച് ഇന്ത്യ, പ്രധാനമന്ത്രി ഇടപെടും

നാവികരെ കാണാൻ ഈ മാസം ആദ്യം ഖത്തറിലെ ഇന്ത്യൻ അംബാസഡറെ അനുവദിച്ചിരുന്നു. ഇന്ത്യ ഇവർക്കായി അഭിഭാഷകനെ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ എന്താണ് കുറ്റം എന്നതുൾപ്പടെയുള്ള വിശദാംശങ്ങൾ കുടുംബത്തിനും കിട്ടിയില്ല.

Prime Minister will intervene in death penalty for Indian sailors in Qatar nbu
Author
First Published Oct 27, 2023, 1:04 PM IST

ദില്ലി: ഖത്തറിൽ ഇന്ത്യൻ നാവികർക്ക് വധശിക്ഷ നല്‍കിയ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടും. നാവികരെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അവസരം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, നാവികരുടെ കാര്യത്തിൽ ഇടപെടുന്നതിൽ കേന്ദ്ര സർക്കാരിന് വലിയ വീഴ്ച വന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

ഖത്തറിൽ എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് വധശിക്ഷ നല്‍കിയത് ഞെട്ടിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രതികരിച്ചിരുന്നു. നാവികസേന ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായി വിദേശകാര്യ മന്ത്രാലയം സംസാരിക്കുന്നുണ്ട്. നാവികരെ കാണാൻ ഈ മാസം ആദ്യം ഖത്തറിലെ ഇന്ത്യൻ അംബാസഡറെ ഖത്തര്‍ അധികൃതര്‍ അനുവദിച്ചിരുന്നു. ഇന്ത്യ ഇവർക്കായി അഭിഭാഷകനെ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ എന്താണ് കുറ്റം എന്നതുൾപ്പടെയുള്ള വിശദാംശങ്ങൾ കുടുംബത്തിനും കിട്ടിയില്ല.

വീണ്ടും നാവികരെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ശിക്ഷ വിധിച്ച കോടതിക്ക് മുകളിൽ രണ്ട് കോടതികൾ കൂടിയുണ്ട്. അടുത്ത കോടതിയിൽ അപ്പീൽ നല്‍കാൻ നടപടി സ്വീകരിക്കും. ഇതോടൊപ്പം പ്രധാനമന്ത്രി ഖത്തർ അമീറുമായി സംസാരിക്കാനും ആലോചനയുണ്ട്. സങ്കീർണ്ണമായ വിഷയമാണെന്നും എല്ലാ വഴിയും ഇന്ത്യ തേടുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 

Also Read: 'അതിന് ശേഷം മതി ഇജ്ജാതി ഡയലോഗ്, മ്യാമാ' എന്ന് എംവിഡിയോട് യുവാവ്; 'മരുമോനേ, പണി കഴിയും വരെ ക്ഷമി'യെന്ന് മറുപടി

എന്നാൽ, കേസ് കേന്ദ്ര സർക്കാർ ഗൗരവത്തോടെ എടുത്തില്ലെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി കുറ്റപ്പെടുത്തി. പാർലമെൻ്റിൽ നേരത്തെ ഈ വിഷയം ഉന്നയിച്ചതിൻ്റെ വീഡിയോ പങ്കുവച്ചാണ് സർക്കാർ നാവികരെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്ന് മനീഷ് തിവാരി ആരോപിച്ചത്. പാർലമെൻ്റിൽ വിദേശകാര്യ മന്ത്രി നല്‍കിയ ഉറപ്പുകൾ പാഴായെന്നും ദേശീയതയുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സർക്കാരിനാണ് ഈ വീഴ്ചയെന്നും മനീഷ് തിവാരി പറഞ്ഞു. ഖത്തറിനും ഇന്ത്യയ്ക്കുമിടയിൽ നിലവിൽ പഴയ ഊഷ്മള ബന്ധമില്ലെന്നതും നാവികരുടെ മോചനത്തിനായുള്ള നീക്കങ്ങൾക്ക് വിലങ്ങുതടിയാണ്.

Follow Us:
Download App:
  • android
  • ios