ദില്ലി: അസമിലെ ജനതയ്ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്യ ഭേദഗതി ബിൽ പാസായതിൽ അസമിലെ സഹോദരീ സഹോദരൻമാർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ആരുടെയും അവകാശങ്ങൾ തട്ടിയെടുക്കപ്പെടില്ലെന്നും, അസമിന്‍റെ മനോഹരമായ ആചാരങ്ങളെയും അതുല്യമായ വ്യക്തിത്വത്തെയും ആർക്കും എടുത്തുമാറ്റാൻ കഴിയില്ലെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

 

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ ആസാമുൾപ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അസമിൽ ഉൾഫ ബന്ദ് തുടരുകയാണ്. ഗുവാഹത്തിയിലും ദീബ്രുഗഢിലും അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 10 ജില്ലകളിൽ ഇന്റർനെറ്റ് നിയന്ത്രണം ഏ‌ർപ്പെടുത്തിയിട്ടുണ്ട്. ആക്രമത്തിനിടയാക്കിയേക്കുന്ന റിപ്പോർട്ടുകൾ പാടില്ലെന്ന് കേന്ദ്രം മാധ്യമങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ വീടിനെതിരെ കല്ലേറ് നടന്നതായും റിപ്പോർട്ടുകളുണ്ട്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.