ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സ്വര്‍ണം കൊണ്ട് നിര്‍മിച്ച കട്ട നല്‍കുമെന്ന് യാക്കൂബ് ഹബീബുദ്ദീന്‍ തുസി. മുഗള്‍ രാജവംശത്തിന്‍റെ പിന്തുടര്‍ച്ചാവകാശിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദീന്‍ തുസി, രാമജന്മഭൂമി മുഗള്‍ രാജവംശത്തിന്‍റെ ഉടമസ്ഥതയിലായിരുന്ന സ്ഥലമായതിനാല്‍ നിയമപരമായ അവകാശം തനിക്കാണെന്നും വ്യക്തമാക്കി. അവസാന മുഗള്‍ രാജാവായ ബഹദൂര്‍ ഷായുടെ പിന്തുടര്‍ച്ചയാണെന്നാണ് ഹബീബുദ്ദീന്‍ തുസി അവകാശപ്പെടുന്നത്. 

തനിക്ക് അവകാശപ്പെട്ടതായതിനാല്‍ രാമജന്മഭൂമി വിട്ടുതരണമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ലഭിക്കുകയാണെങ്കിലും രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടു നല്‍കും. ഭൂമിയുടെ അവകാശം സംബന്ധിച്ച് ഹബീബുദ്ദീന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹബീബുദ്ദീന്‍ നേരത്തെയും അയോധ്യ സന്ദര്‍ശനം നടത്തി, രാമക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മിച്ചതില്‍ ഹിന്ദുക്കളോട് ക്ഷമ ചോദിച്ചിരുന്നു.

നേരത്തെ ശ്രീരാമന്‍റെ പിന്തുടര്‍ച്ചവകാശികളാണെന്നും ഭൂമി തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നും വ്യക്തമാക്കി ബിജെപി എംപിയും രംഗത്തെത്തിയിരുന്നു.