ഭോപ്പാല്‍: ആർഎസ്എസ് സൈദ്ധാന്തികൻ വി ഡി സവർക്കറുടെ ചിത്രമുള്ള നോട്ട്ബുക്ക് വിതരണം ചെയ്തതതിന് മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പാളിന് സസ്പെന്‍ഷന്‍. രണ്ട് മാസത്തേക്കാണ് പ്രിന്‍സിപ്പാള്‍ ആര്‍ എന്‍ കെരാവത്തിനെ സസ്പെന്‍ഡ് ചെയ്തത്. ഇന്നലെ ഉത്തരവിറങ്ങി. മല്‍വാസ സര്‍ക്കാര്‍ സ്കൂളിന്‍റെ പ്രിന്‍സിപ്പാളായ കെരാവത്തിനെതിരെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് റത്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സി ശര്‍മ പറഞ്ഞു.

സവര്‍ക്കര്‍ മഞ്ച് എന്ന സംഘടനയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ സ്കൂളില്‍ സൗജന്യമായി നോട്ട്ബുക്കുകള്‍ വിതരണം ചെയ്തത്. ബുക്കിന്‍റെ കവറില്‍ സവര്‍ക്കറുടെ ചിത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ പരാതികള്‍ ഉയരുകയും കെരാവത്തിനെതിരെ അന്വേഷണം നടത്തുകയുമായിരുന്നു.

വിഷയത്തില്‍ കെരാവത്തിന്‍റെ വിശദീകരണവും കേട്ട ശേഷമാണ് ഡിവിഷണല്‍ കമ്മീഷണര്‍ നടപടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കെരാവത്തിനെതിരായുള്ള നടപടിക്കെതിരെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ശിവ്‍രാജ് സിംഗ് ചൗഹാന്‍ രംഗത്ത് വന്നു. രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയിട്ടുള്ള, സ്കൂളിന് നൂറ് ശതമാനം വിജയം കൊണ്ട് വന്ന പ്രിന്‍സിപ്പാളിനെതിരെയുള്ള നടപടി അസഹ്യപ്പെടുത്തുകയാണെന്നും അദ്ദഹേം ട്വിറ്ററില്‍ കുറിച്ചു.

കേവലം രാഷ്ട്രീയത്തിന്‍റെ പേരിലുള്ള നടപടിയില്‍ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ചിന്ത കാരണം സ്വന്തം രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെ പോലും മുഖ്യമന്ത്രി കമല്‍നാഥ് അവഹേളിക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രിന്‍സിപ്പാളിന്‍റെ സസ്പെന്‍ഷന്‍ വിഷയത്തില്‍ രാഷ്ട്രീയമൊന്നുമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സര്‍ക്കാരിന്‍റെ ചട്ടങ്ങള്‍ പ്രകാരം മാത്രമാണ് നടപടിക്ക് പിന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു.